Argentina vs Chile World Cup Qualifier: ചിലെയെ വീഴ്ത്തി അര്‍ജന്റീന; മെസിയുടെ പത്താം നമ്പറില്‍ തിളങ്ങി ഡിബാല

രേണുക വേണു
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (08:35 IST)
Argentina

Argentina vs Chile Match Result: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലെയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. രണ്ടാം പകുതിയിലാണ് അര്‍ജന്റീനയുടെ മൂന്ന് ഗോളുകളും പിറന്നത്. മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല എന്നിവരാണ് സ്‌കോറര്‍മാര്‍. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാന്‍ അര്‍ജന്റീനയ്ക്കു സാധിച്ചു. 
 
മത്സരത്തിന്റെ 48-ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയുടെ വലതു വിങ്ങില്‍ അല്‍വാരസ് നല്‍കിയ പാസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മാക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ ഗോള്‍ വേട്ടയ്ക്കു തുടക്കം കുറിച്ചു. 84-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് ബോക്‌സിനു പുറത്തുനിന്ന് ചിലെയുടെ ഗോള്‍ പോസ്റ്റിലേക്ക് ശരവേഗത്തില്‍ തൊടുത്ത് അല്‍വാരസ് രണ്ടാം ഗോള്‍ നേടി. ലയണല്‍ മെസിയുടെ പത്താം നമ്പറില്‍ കളത്തിലിറങ്ങിയ പൗലോ ഡിബാല മത്സരം അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ ശേഷിക്കെ എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി. 
 
ബോള്‍ കൈവശം വയ്ക്കുന്നതിലും ഷോട്ട് ഓര്‍ ടാര്‍ഗറ്റിലും അര്‍ജന്റീന തന്നെയായിരുന്നു മുന്നില്‍. ചിലെ 14 ഫൗളുകളും രണ്ട് യെല്ലോ കാര്‍ഡുകളും വഴങ്ങി. അര്‍ജന്റീനയ്ക്കു എട്ട് ഫൗളുകളും രണ്ട് യെല്ലോ കാര്‍ഡുകളും. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് ജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാമതാണ് അര്‍ജന്റീന. ആറ് കളികളില്‍ നാല് ജയത്തോടെ ഉറുഗ്വായ് രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ ആറാം സ്ഥാനത്താണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article