Mumbai Indians: ക്യാച്ചുകൾ കൈവിട്ടതല്ല, ഞങ്ങളെ തോൽപ്പിച്ചത് നോ ബോളുകൾ, വിട്ടുകൊടുക്കാൻ തയ്യാറല്ല, തിരിച്ചുവരുമെന്ന് ഹാർദ്ദിക്
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന പന്തില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് മുംബൈ ക്യാമ്പ്. മഴയും കളിയിലെ വിജയസാധ്യതകളും മാറിമറിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ 15 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ വീണുകിട്ടിയ നോബോളാണ് കളിയെ ഗുജറാത്തിന് അനുകൂലമാക്കി മാറ്റിയത്. മത്സരശേഷം ഇതിനെ പറ്റി നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ പ്രതികരിക്കുകയും ചെയ്തു.
ഫൈനല്‍ ഓവറില്‍ ഒരു ബൗണ്ടറിയും ഒരു വമ്പന്‍ സിക്‌സും ചാഹര്‍ വഴങ്ങിയിരുന്നു. അവസാന 3 പന്തില്‍ 5 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ചാഹര്‍ നോ ബോള്‍ എറിയുകയും മത്സരത്തെ മുംബൈയുടെ കയ്യില്‍ നിന്നും അകറ്റുകയും ചെയ്തത്. നേരത്തെ മത്സരത്തിലെ എട്ടാം ഓവറില്‍ നോബോളടക്കം 11 പന്തുകളാണ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞത്. ഇതും മത്സരത്തിന്റെ ഗതിയെ മാറ്റുന്നതായിരുന്നു. മത്സരശേഷം മുംബൈ നായകന്‍ ഹാര്‍ദ്ദിക് നടത്തിയ പ്രതികരണം ഇങ്ങനെ.
ക്യാച്ചുകള്‍ നഷ്ടമാക്കിയതായിരുന്നില്ല ഞങ്ങള്‍ക്ക് തിരിച്ചടിയായത്, ഞാനടക്കമുള്ള ബൗളര്‍മാര്‍ എറിഞ്ഞ നോബോളുകളായിരുന്നു. അവസാന ഓവറില്‍ വന്ന നോബോളടക്കം കാര്യങ്ങളെ വഷളാക്കി. എന്റെ അഭിപ്രായത്തില്‍ ടി20 ഫോര്‍മാറ്റില്‍ നോ ബോള്‍ എറിയുന്നത് വലിയ തെറ്റാണ്. അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരും.പക്ഷേ മത്സരത്തില്‍ ടീമെന്ന നിലയില്‍ എല്ലാവരും അവരുടെ 120 ശതമാനവും നല്‍കിയിട്ടുണ്ട്. ഹാര്‍ദ്ദിക് പറഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് വില്‍ ജാക്‌സിന്റെ അര്‍ധസെഞ്ചുറി(53)യുടെ മികവില്‍ 20 ഓവറില്‍ 155 റണ്‍സാണ് നേടിയത്. ഇടയ്ക്കിടെ മഴ മത്സരത്തെ തടസപ്പെടുത്തിയതോടെ 19 ഓവറില്‍ 147 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നിലുണ്ടായിരുന്നത്. അവസാന ഓവറില്‍ 15 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ നിന്നാണ് ഗുജറാത്ത് 3 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.