ലിവര്‍പൂളിന് തിരിച്ചടി

Webdunia
ബുധന്‍, 21 ജനുവരി 2009 (09:53 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാമതെത്താനുള്ള ലിവര്‍പൂളിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടി.
ഇന്നലെ നടന്ന മല്‍‌സരത്തില്‍ എവര്‍ട്ടിനോട് 1-1 ന് സമനിലവഴങ്ങിയതോടെയാണ് ഇത്. അറുപത്തിയെട്ടാം മിനുറ്റില്‍ സ്റ്റീവന്‍ ജെറാര്‍ദിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ ലിവര്‍പൂളിനെതിരെ കളിയവസാനിക്കാന്‍ മൂന്നുമിനിറ്റു മാത്രം ശേഷിക്കെ ടിം കാഹിലിലൂടെ എവര്‍ട്ടണ്‍ സമനില സ്വന്തമാക്കുകയായിരുന്നു.

ലീഗ്‌ പോയിന്‍റ് പട്ടികയില്‍ ഒന്നാമതായിരുന്ന ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു പിന്നില്‍ രണ്ടാമതാണിപ്പോള്‍.
ലിവര്‍പൂളിന് 22 കളികളില്‍ നിന്ന് 47പോയന്‍റാണുള്ളത്. ഒന്നാമതുള്ള മാഞ്ചസ്റ്ററിന് 21 കളികളില്‍ നിന്ന് 47 പോയന്‍റായി. ഗോള്‍വ്യത്യാസത്തിന്‍റെ കണക്കിലാണു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ഒന്നാമതു തുടരുന്നത്‌. ലിവര്‍പൂളിനെക്കാള്‍ ഒരുമല്‍സരം കുറച്ചുമാത്രമേ യുണൈറ്റഡ്‌ കളിച്ചിട്ടുള്ളൂ. എവര്‍ട്ടണ്‍ 36 പോയന്‍റുമായി ആറാമതാണ്.

30 വാര ദൂരെനിന്നുള്ള മനോഹരമായ ഡ്രൈവിലൂടെയായിരുന്നു ലിവര്‍പൂള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ദ്‌ ഗോള്‍ നേടിയത്‌. മൈക്കല്‍ അര്‍തേറ്റയുടെ ഫ്രീകിക്കില്‍നിന്നായിരുന്നു ടിം കാഹില്‍ എവര്‍ട്ടണിന്‍റെ സമനില ഗോള്‍ നേടിയത്‌. ഏന്‍ഫീല്‍ഡ് ഗ്രൌണ്ടില്‍ നടന്ന കഴിഞ്ഞ 11 കളികളില്‍ ആതിഥേയര്‍ വഴങ്ങുന്ന അഞ്ചാമത്തെ സമനിലയാണിത്‌.