റയല്‍ വീണ്ടും ജയപാതയില്‍

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2008 (11:41 IST)
PROPRO
ലോക പ്രശസ്ത ഫുട്ബോള്‍ ലീഗായ സ്പാനിഷ് ലീഗില്‍ വമ്പന്‍ ക്ലബ്ബുകളുടെ മലക്കം മറിച്ചില്‍ തുടരുന്നു. ഇത്തവണ പതിവ് തെറ്റിച്ച് ചാമ്പ്യന്‍‌മാരായ റയല്‍ മാഡ്രിഡ് വിജയം കണ്ടെത്തി ഫോമിലായപ്പോള്‍ മുന്‍ ചാമ്പ്യന്‍‌മാരായ ബാഴ്‌സിലോണ പരാജയത്തിന്‍റെ രുചിയറിഞ്ഞു. 3-1 നു സെവില്ലയെ പരാജയപ്പെടുത്തിയ റയല്‍ രണ്ടാം സ്ഥാനക്കാരായ വില്ലാ റയലുമായുള്ള വ്യത്യാസം 6 പോയിന്‍റിലേക്ക് ആക്കി മാറ്റി.

ഗബ്രിയേല്‍ ഹെയ്‌ന്‍സിന്‍റെ ഹെഡ്ഡറിലൂടെ ആദ്യം മുന്നിലെത്തിയ റയലിനെ സൂപ്പര്‍ താരം റൌള്‍ ഗോണ്‍സാലസ് ഒന്നാം പകുതിയില്‍ വിശ്രമിക്കാന്‍ പോകുന്നതിനു തൊട്ട് മുമ്പ് ലീഡ് നല്‍കി. എന്നാല്‍ തൊട്ടു പിന്നാലെ തന്നെ ഫ്രെഡറിക്ക് കനൂട്ട് സെവില്ലയ്‌‌ക്കായി ഒരു ഗോള്‍ മറുപടി പറഞ്ഞു. രണ്ടാം പകുതിയില്‍ ഗോണ്‍സാലോ ഹിഗ്വന്‍ ഒരിക്കല്‍ കൂടി റയലിനെ മുന്നിലാക്കി. എട്ട് കളികള്‍ നടക്കാനിരിക്കെ 65 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് റയല്‍.

ഒന്നാം സ്ഥാനത്തേക്ക് റയലിനെ ഇപ്പോള്‍ വെല്ലുവിളിക്കുന്നത് വില്ലാ റയലാണ്. 59 പോയിന്‍റുണ്ട് അവര്‍ക്ക്. രണ്ടാം സ്ഥാനക്കാരായിരുന്ന ബാഴ്‌സിലോണയെയാണ് അവര്‍ ചവുട്ടി താഴ്ത്തിയത്. നാലാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ സ്വന്തം മണ്ണില്‍ 3-0 ന് വില്ലാ റയല്‍ ശനിയാഴ്ച പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്ത് 58 പോയിന്‍റുമായി ബാഴ്‌സിലോണ നില്‍ക്കുന്നു. 3-2 ന് റയല്‍ ബെറ്റിസിനോട് പരാജയപ്പെട്ടതാണ് അവര്‍ക്ക് വിനയായത്.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ബോജാന്‍ ക്രികിക്, സാമുവല്‍ എറ്റു എന്നിവരിലൂടെ മുന്നില്‍ എത്തിയ ശേഷമാണ് ബാഴ്‌സിലോണ മൂന്ന് ഗോള്‍ വഴങ്ങി ആരാധകരെ നിരാശപ്പെടുത്തിയത്. ബ്രസീലിയന്‍ താരം എഡുവിന്‍റെയും ജര്‍മ്മന്‍റ്ഹാരം ഒഡോങ്കറുടെയും ഗോളുകളായിരുന്നു ബെറ്റിസിനെ മുന്നോട്ട് നയിച്ചത്. ഇതോടെ ബാഴ്‌സിലോണ മൂന്നാം സ്ഥാനത്തേക്ക് വീണു. എസ്പാനിയോളിനെ 3-0 നു മറികടന്ന റേസിംഗ് സ്റ്റാന്‍ഡാര്‍ഡ് ആണ് അഞ്ചാം സ്ഥാനത്ത്.