മാഞ്ചസ്റ്റര്‍ യുവേഫ ഫൈനലില്‍

Webdunia
ബുധന്‍, 30 ഏപ്രില്‍ 2008 (10:40 IST)
PROPRO
യുവേഫ ചാമ്പ്യന്‍‌‌സ് ലീഗ് ഫുട്ബോള്‍ കിരീടത്തില്‍ ഇംഗ്ലീഷ് രാജാക്കന്‍‌മാര്‍ മുത്തമിടുമെന്ന് ഏകദേശം ഉറപ്പായി. സ്പാനിഷ് ചാമ്പ്യന്‍‌‌മാരായ ബാഴ്‌സിലോണയെ കീഴടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൈനലില്‍ എത്തിയതോടെയാണ് കലാശക്കളിക്ക് തീരുമാനമായത്. ലിവര്‍പൂളും ചെല്‍‌സിയും തമ്മിലാണ് രണ്ടാം സെമി.

എതിരാളികളുടെ തട്ടകമായ ന്യൂ കാമ്പില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ പോയ മാഞ്ചസ്റ്റര്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ മൈതാനത്ത് നടന്ന് രണ്ടാം പാദ മത്സരത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിനു ബാഴ്‌സിലോണയെ കീഴടക്കുക ആയിരുന്നു. പോള്‍ ഷോള്‍‌സായിരുന്നു മാഞ്ചസ്റ്ററിന്‍റെ ഏക ഗോളിന് ഉടമ.

പതിനാലാം മിനിറ്റില്‍ 25 വാര അകലത്തില്‍ നിന്നും ഷോള്‍‌സ് തോടുത്ത ഉഗ്രന്‍ അടി ബാഴ്‌സയുടെ വലയില്‍ എത്തുമ്പോള്‍ മാഞ്ചസ്റ്റര്‍ സന്തോഷം കൊണ്ട് ആറാടി. മെയ് 21 ന് മോസ്‌ക്കോയിലാണ് ഫൈനല്‍. ഒമ്പതു വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍‌സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ എത്തുന്നത്.

ചെല്‍‌സിയേയോ ലിവര്‍പൂളിനേയോ മാഞ്ചസ്റ്റര്‍ നേരിടും. റൂണിയെയും നെമാഞ്ഞാ വിഡിക്കിനെയും പുറത്തിരുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളി ആരംഭിച്ചത് തന്നെ. അര്‍ജന്‍റീന താരം ലയണേല്‍ മെസ്സിയെയും തിയറി ഹെന്‍‌റിയേയും നന്നായി മാഞ്ചസ്റ്റര്‍ പൂട്ടിയപ്പോള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ബാഴ്‌സിലോണയും വെറുതെ വിട്ടില്ല.