ബാഴ്സലോണ കാര്‍ട്ടറില്‍

Webdunia
വെള്ളി, 16 ജനുവരി 2009 (11:48 IST)
ബാഴ്‌സലോണ സ്പാനിഷ് കപ്പ് ഫുട്‌ബോളിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലായി നടന്ന കളിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 5-2ന് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ കടന്നത്.

ഒന്നാം പാദം 3-1ന് ജയിച്ച ബാഴ്‌സലോണ രണ്ടാം പാദത്തില്‍ 2-1 വിജയവുമായി ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തുമുന്നേറുന്ന ഇവര്‍ സാമുവല്‍ എറ്റൂ, ലയണല്‍ മെസ്സി, തിയറി ഹെന്റി, ഗാര്‍ഡിയോള തുടങ്ങിയ മുന്‍നിരക്കാരെക്കൂടാതെയാണ് അത്‌ലറ്റിക്കോക്കെതിരെ കളിക്കാനിറങ്ങിയത്.

ബാഴ്‌സയ്ക്കുവേണ്ടി ബോയാന്‍ കിര്‍ക്കിച്ചും ഐദര്‍ ഗുഡ്യോണ്‍സനും ഗോളടിച്ചു. ഇരുപത്തിനാലാം മിനിറ്റില്‍ ഫ്‌ളോറന്‍റ് സിനാമ നേടിയ ഗോളിലൂടെ മുന്നിലെത്തിയ അത്‌ലറ്റിക്കോ അട്ടിമറി വിജയം നേടിയേക്കുമെന്ന പ്രതീതിയുളവാക്കിയെങ്കിലും ബാഴ്‌സലോണ ഉജ്വലമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

സെവിയ, എസ്പാന്യോള്‍, സ്‌പോര്‍ട്ടിങ് ഗിജന്‍, റയല്‍ ബെറ്റിസ്, റയല്‍ മയോര്‍ക്ക, വലന്‍സിയ ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം നേടിയിട്ടുണ്ട്. മറ്റ് മല്‍‌സരങ്ങളില്‍ സെവിയ ഡിപ്പോര്‍ട്ടിവോ ലാ കൊരൂണയെയും(5-1) വലന്‍സിയ റേസിങ് സന്റാന്‍ഡറെയും (4-2) റയല്‍ മയോര്‍ക്ക അല്‍മേരിയയെയും( 4-2) സ്‌പോര്‍ട്ടിങ് ഗിജന്‍ വയ്യാഡോളിഡിനെയും (4-3) തോല്പിച്ചു.