2024ലെ ഐസിസി വനിതാ ഏകദിന താരമായി സ്മൃതി മന്ദാന, പുരുഷതാരമായത് അസ്മത്തുള്ള ഒമർസായി

അഭിറാം മനോഹർ

തിങ്കള്‍, 27 ജനുവരി 2025 (16:23 IST)
കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരമായി ഇന്ത്യയുടെ സ്മൃതി മന്ദാന. കഴിഞ്ഞ വര്‍ഷം കളിച്ച 13 ഏകദിനങ്ങളില്‍ നിന്നും 4 സെഞ്ചുറികളും 3 അര്‍ധസെഞ്ചുറികളും അടക്കം 747 റണ്‍സാണ് സ്മൃതി മന്ദാന അടിച്ചുകൂട്ടിയത്. 3 മത്സരങ്ങളില്‍ പന്തെറിയുക കൂടി ചെയ്ത താരം ഒരു വിക്കറ്റും കഴിഞ്ഞ വര്‍ഷത്തില്‍ സ്വന്തമാക്കിയിരുന്നു.
 
ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്ററാകുന്നത്.ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും ഇതോടെ സ്മൃതി മന്ദാനയുടെ പേരിലായി. 2013ലും 2016ലുമായിരുന്നു സൂസി ബേറ്റ്‌സ് മികച്ച ഏകദിന താരമായി തിരെഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമിരി അത്തപത്തു, ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ അന്നാബെല്‍ സതര്‍ലന്‍ഡ് എന്നിവരെ പിന്തള്ളിയാണ് മന്ദാന മികച്ച വനിതാ ഏകദിനതാരമായത്.
 
 പുരുഷതാരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് മികച്ച ഏകദിനതാരം. കഴിഞ്ഞ വര്‍ഷം അഫ്ഗാനായി കളിച്ച 14 ഏകദിനങ്ങളില്‍ നിന്നും 417 റണ്‍സും 17 വിക്കറ്റുകളുമാണ് താരം സ്വന്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍