ന്യൂകാസിലിന് ഉജ്വലജയം

Webdunia
PROPRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരാജയം തുടര്‍ക്കഥയായിരുന്ന ന്യൂ കാസില്‍ യുണൈറ്റഡിനു അപ്രതീക്ഷിതമായി തകര്‍പ്പന്‍ ജയം. പ്രമുഖ സ്ട്രൈക്കര്‍മാരെല്ലാം ഗോള്‍ കണ്ടെത്തിയ ഞായറാഴ്ചത്തെ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അവര്‍ നാല് പോയിന്‍റ് മുകളില്‍ നില്‍ക്കുന്ന ടോട്ടന്‍ ഹാമിനെ പരാജയപ്പെടുത്തിയത്.

ഡിസംബര്‍ മുതല്‍ ഒരു വിജയം പോലും കാണാനാകാതെ കളിക്കുന്ന ന്യൂ കാസില്‍ മൂന്ന് മാസത്തിനകത്ത് നേടുന്ന ആദ്യ ജയമാണ് ആഘോഷപൂര്‍വ്വം കൊണ്ടാടിയത്. ബട്ട്, ജെറെമി, ഓവന്‍, മാര്‍ട്ടിന്‍സ് എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. ടോട്ടന്‍ ഹാമിന്‍റെ ഗോള്‍ ബെന്‍റ് കണ്ടെത്തിയെങ്കിലും ന്യൂ കാസിലിനെ തളയ്‌ക്കാനായില്ല.

ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന ചെല്‍‌സിക്ക് മിഡില്‍‌സ്ബറോയ്‌ക്കെതിരെ ഞായറാഴ്ച കണ്ടെത്തിയ ഒരു ഗോള്‍ ജയം ആഴ്‌സണലിനെ മറികടക്കാന്‍ അവസരം നല്‍കി. സ്റ്റാഫൊര്‍ഡ് ബ്രിഡ്‌ജിലെ സ്വന്തം തട്ടകത്തില്‍ റിക്കാഡോ കര്‍വാലോയാണ് നീലക്കുപ്പായക്കാരെ വിജയത്തിലേക്ക് നയിക്കാന്‍ ആസ്പദമായ ഏക ഗോള്‍ കണ്ടെത്തിയത്. ആറാം മിനിറ്റില്‍ വെയ്‌ന്‍ ബ്രിഡ്ജിന്‍റെ ഫ്രീകിക്ക് കര്‍വാലോ ഹെഡ്ഡറിലൂടെ സുന്ദരമായി വലയില്‍ എത്തിച്ചു.

ഇതോടെ 32 കളിയില്‍ 76 പോയിന്‍റുള്ള മാഞ്ചസ്റ്ററിനു തൊട്ടു പിന്നില്‍ 71 പോയിന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കടക്കാന്‍ ചെല്‍‌സിക്കായി. മൂന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് 70 പോയിന്‍റാണ് ഉള്ളത്. അതേ സമയം നാലാം സ്ഥാനക്കാരായിരുന്ന എവര്‍ട്ടണെ കരുത്തരായ ലിവര്‍പൂള്‍ മറികടന്നു. നാലാം സ്ഥാനത്തിനു വേണ്ടി ഞായറാഴ്ച നടന്ന ശക്തമായ മത്സരത്തില്‍ ലിവര്‍പൂള്‍ എവര്‍ട്ടനെ മറികടന്നു. ലിവര്‍പൂളിന് പോയിന്‍റ് 62 ആയി.

ഈ സീസണില്‍ ഗംഭീര ഗോളടി തന്നെ നടത്തുന്ന സ്പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസിന്‍റെ ഗോളായിരുന്നു എവര്‍ട്ടന്‍റെ വിധി എഴുതിയത്. ടോറസിന്‍റെ ഷോട്ട് എവര്‍ട്ടന്‍ ഗോളി ടിം ഹോവാര്‍ഡിനെ മറികടന്ന് വലയില്‍ എത്തുകയായിരുന്നു. ഈ സീസണില്‍ താരം ചെമ്പടയ്‌ക്കായി കണ്ടെത്തുന്ന ഇരുപത്തെട്ടാം ഗോളായിരുന്നു ഇത്.