ഡച്ച് മുന്നേറ്റത്തിലെ ഉഴപ്പന്‍

Webdunia
PROPRO
ചിത്രകാരിയായ അമ്മ. നഗരത്തില്‍ തന്നെ അറിയപ്പെടുന്ന ശില്‍പ്പിയാണ് പിതാവ്. പക്ഷേ മാതാപിതാക്കളുടെ ഈ കലാപരമായ പാരമ്പര്യമൊന്നും മകന്‍ റോബിന്‍ വാന്‍ പേഴ്‌സിക്ക് കിട്ടിയില്ല. പകരം തെരുവിലെ പന്തുകളി പ്രേമികള്‍ക്കിടയില്‍ വാന്‍ പേഴ്‌സി ഗോളടിച്ചും അടിപ്പിച്ചും ഇടയ്‌ക്ക് അടിയുണ്ടാക്കിയും ഒന്നാന്തരം പേരുണ്ടാക്കി.

ആഴ്സണലിന്‍റെ ഈ താരത്തിന്‍റെ ചെറുപ്പകാല വിനോദം സ്കൂളില്‍ കയറാതെ നൈറ്റ് ക്ലബ്ബുകളില്‍ കറങ്ങി നടക്കല്‍ ആയിരുന്നു. എന്നാല്‍ വാന്‍ പേഴ്‌സി പ്രൊഫഷണല്‍ ഫുട്ബോളിനെ സീരിയസായി കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഉഴപ്പ് നിര്‍ത്തി. ആദ്യം കളിതുടങ്ങിയ ക്ലബ്ബ് എക്‍സെത്സിയറിലും താരം പരിശീലകരുമായി ഉടക്കുമായിരുന്നു.

കാല്പന്തുകളിയിലായിരുന്നു മാതാവിന്‍റെയും പിതാവിന്‍റെയും കഴിവുകള്‍ ഈ ചെറുപ്പക്കാരന്‍ വരച്ചു ചേര്‍ത്തത്. ഡച്ച് ക്ലബ്ബ് എക്‍സെത്സിയറിനൊപ്പം കളി തുടങ്ങിയ വാന്‍ പേഴ്‌സി പക്ഷേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബ് ആഴ്‌സണലിന്‍റെ മുന്നേറ്റ നിരയില്‍ ടോഗോ താരം ഇമ്മാനുവേല്‍ അഡോബായേറിനൊപ്പം ക്ലബ്ബിന്‍റെ പ്രതീക്ഷയാണ്.

മദ്ധ്യനിരയുമായി നല്ല ഒത്തിണക്കം കാട്ടുന്ന വാന്‍ പേഴ്‌സി അര്‍ദ്ധാവസരം പോലും പ്രയോജനപ്പെടുത്തും. മുന്നേറ്റത്തില്‍ വലതു പാര്‍ശ്വത്ത് കളിക്കുന്ന വാന്‍ പേഴ്‌സിയുടെ പ്ലസ് പോയിന്‍റ് ഉയരം തന്നെയാണ്. ഷോട്ടുകള്‍ക്കായി ഇരു കാലുകളും ഉപയോഗിക്കുന്ന വാന്‍ പേഴ്‌സിയുടെ വോളികളാണ് കൂടുതല്‍ മാരകമാകുന്നത്.

കനത്ത ബുള്ളറ്റ് ഷോട്ടുകളും തൊടുക്കും. ഗോളടിക്കുന്നതിനേക്കാള്‍ അടുപ്പിക്കുന്നതിനാണ് മിടുക്ക്. ഒന്നാന്തരം ഡ്രിംബ്ലിംഗ് മികവും വേഗതയും സമന്വയിപ്പിച്ച കളി എതിര്‍ പ്രതിരോധത്തിന് പലപ്പോഴും തലവേദനയാകും. തകര്‍പ്പന്‍ ഷോട്ടുകള്‍ കൈമുതലുള്ള ഈ 24 കാരന്‍ ഫ്രീകിക്കില്‍ വിദഗ്ദനാണ്. പെനാല്‍റ്റി ബോക്‍സില്‍ കൂടുതല്‍ അപകടകാരി.

1983 ല്‍ റോട്ടര്‍ ഡാമിലായിരുന്നു ജനനം. 2001 ല്‍ എക്‍സ്ല്സിയറില്‍ നിന്നും ഫെയര്‍നൂദില്‍ എത്തിയ താരം 2004 ലാണ് ആഴ്‌സണലില്‍ എത്തുന്നത്. ഈ സീസണിലെ 23 കളികളില്‍ 9 ഗോളുകളേ നേടിയുള്ളൂ.

അന്താരാഷ്ട്ര മത്സരങ്ങളില്‍ 59 കളികളില്‍ 30 ഗോള്‍ നേടുകയും 1993 മുതല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ 378 കളികളില്‍ 262 ക്ലബ്ബ് ഗോളുകള്‍ കുറിക്കുകയും ചെയ്ത റയല്‍ മാഡ്രിഡ് താരം റൂഡ് വാന്‍ നീത്സ്റ്റര്‍ റൂയി, ലിവര്‍പൂളിനായി ഈ സീസണില്‍ തിളങ്ങിയ ഡിര്‍ക്ക് കുയ്ത്ത് എന്നിവര്‍ തന്നെ ഡച്ച് ടീമിന്‍റെ പ്രമുഖ മുന്നേറ്റക്കാര്‍‍. എന്നാല്‍ ഉയര്‍ന്നു വരുന്ന യുവ താരങ്ങളില്‍ പ്രതിഭാശാലിയായ മുന്നേറ്റക്കാരന്‍ റോബിന്‍ വാന്‍ പേഴ്‌സിയാണ്.