അറുബോറൻ ഡയലോഗുകൾ, മോഹൻലാലിന്റെ നീരാളിക്ക് തണുപ്പൻ പ്രതികരണം- ആദ്യ റിപ്പോർട്ട് പുറത്ത്

എസ് ഹർഷ
വെള്ളി, 13 ജൂലൈ 2018 (15:00 IST)
മോഹൻലാലിനേയും മമ്മൂട്ടിയേയും ലക്ഷ്യം വെച്ച് കഥയെഴുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അവർ ചെയ്യുന്ന സിനിമകൾ നല്ലതാണെങ്കിലും മോശമാണെങ്കിലും കാണാൻ തയ്യാറായിരുന്നു ഒരുകൂട്ടം ആരാധകരുമുണ്ടായിരുന്നു. എന്നാൽ, ‘സൂപ്പർസ്റ്റാർ’ എന്ന പദവി മാത്രം പോര ഇപ്പോൾ സിനിമ ജയിക്കാനെന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. നല്ല സിനിമയാണെങ്കിൽ ആരാധകരും പ്രേക്ഷകരും ചിത്രത്തിനൊപ്പമുണ്ടാകും, അത് മമ്മൂട്ടിയുടേതാണെങ്കിലും മോഹൻലാലിന്റേതാണെങ്കിലും. 
 
2018 മധ്യത്തിൽ എത്തിനിൽക്കവേ 4 സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ 8 മാസത്തിലധികമായി ഒരു മോഹൻലാൽ ചിത്രം റിലീസിനെത്തിയിട്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. അവർക്കിടയിലേക്കാണ് അജോയ് വർമ തന്റെ ‘നീരാളി’യെന്ന ചിത്രം റിലീസ് ചെയ്യുന്നത്. ശരീരവണ്ണം കുറച്ച ‘ചുള്ളൻ’ മോഹൻലാലിനെ കാണാൻ ആഗ്രഹിച്ചിരുന്നവർ ഒന്നടങ്കം തിയേറ്ററുകളിലേക്കെത്തി. 
 
8 മാസത്തെ ഇടവേള ആഘോഷമാക്കുകയായിരുന്നു മോഹൻലാൽ ആരാധകർ. ചെണ്ട കൊട്ടിയും ആർപ്പു വിളിച്ചും അവർ സണ്ണിയെ (മോഹൻലാൽ) വരവേറ്റു. ഇത് സണ്ണിയുടെ കഥയാണ്. അപ്രതീക്ഷിതമായി എത്തുന്ന അപകടത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന സണ്ണിയുടെ കഥ. സണ്ണിക്കും ഭാര്യ മോളിക്കുട്ടിക്കും മക്കളില്ല. ഒടുവിൽ ഉരുളിയും കിണ്ടിയും മാറി മാറി കമഴ്ത്തി ദൈവം അവർക്കൊരു കുഞ്ഞിനെ കൊടുത്തു. 
 
അങ്ങനെ ഒരു യാത്ര കഴിഞ്ഞെത്തിയ സണ്ണിക്ക് ഒരു കോൾ വരുന്നു. ഭാര്യ മോളിക്കുട്ടിയെ ഡെലിവറിക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന്. അങ്ങനെ സണ്ണി ഭാര്യയെ കാണാൻ ആശുപത്രിയിലേക്ക് യാത്ര തിരിക്കുകയാണ്. അവിടെയാണ് കഥ ശരിക്കും തുടങ്ങുന്നത്. 
 
വീരപ്പൻ (സുരാജ് വെഞ്ഞാറമൂട്) എന്നയാൾക്കൊപ്പം ഒരു പിക്കപ്പിലാണ് സണ്ണിയുടെ യാത്ര. എന്നാൽ, യാത്രാമദ്ധ്യേ ഇവരുടെ വണ്ടി ആക്സിഡന്റ് ആവുകയും ഒരു കൊക്കയുടെ മുകളിൽ തൂങ്ങി കിടക്കുകയും ആണ്. അവിടം മുതലാണ് നീരാളിപ്പിടുത്തമുണ്ടാകുന്നത്.  
 
പിന്നീടുള്ള ഓരോനിമിഷവും ഒരു ഹോളിവുഡ് പടത്തിനെ വെല്ലുന്ന കാഴ്ചകളാണ് സംവിധായകൻ അജോയ് വർമ്മ നമ്മുക്ക് സമ്മാനിക്കുന്നത്. പക്ഷേ, വളരെ മോശമായിരുന്നു വി എഫ് എക്സ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഒരു കല്ലുകടിയായി നിൽക്കുന്നതും വി എഫ് എക്സ് തന്നെ. അതോടൊപ്പം, ചിത്രത്തിലെ ചില ഡയലോഗുകൾ അനാവശ്യമായിരുന്നു താനും.
 
എം ജി ശ്രീകുമാറിന്റെ നല്ലൊരു പാട്ടും ആദ്യ പകുതിയിൽ ഉണ്ടായിരുന്നു. ത്രില്ലിംഗ് മൂടിലുള്ള കഥ പറച്ചിലാണ് ആദ്യ പകുതി നമുക്ക് കാഴ്ച വെയ്ക്കുന്നത്. ഛായാഗ്രഹണവും ആദ്യ പകുതിയുടെ അപകടവും ശേഷമുള്ള മരണമുനമ്പിലെ രംഗങ്ങളും കൊള്ളാമായിരുന്നു. പക്ഷേ, രണ്ടാം പകുതി പ്രതീക്ഷിച്ച അത്ര ഉയർന്നില്ല. ക്ലൈമാക്സ് കുറച്ച് കൂടി ഭേദപ്പെട്ട രീതിയിൽ ആക്കാമായിരുന്നുവെന്നും തോന്നാം. 
 
മൊത്തത്തിൽ പറഞ്ഞാൽ നീരാളി ഒരു പരീക്ഷണ ചിത്രമാണ്. സ്വയം രക്ഷപെടാനുള്ള ഒരു പരിശ്രമം. ത്രീല്ലർ എന്ന വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രത്തിന്റെ അവതരണ രീതി എത്രകണ്ട് പ്രേക്ഷകർക്ക് ഉൾക്കൊള്ളാനാകും എന്ന് കണ്ടറിയുക തന്നെ വേണം. 
 
പൂർണതയില്ലാത്ത തിരക്കഥയും അരോചകമായ ഡയലോഗുകളും ചില സീനുകളും ഒഴിച്ചാൽ ഒരു തവണ കാണാവുന്ന ഒരു ശരാശരി ത്രില്ലെർ ചിത്രം മാത്രമാണ് നീരാളി. 
(റേറ്റിംഗ്: 3/5)

അനുബന്ധ വാര്‍ത്തകള്‍

Next Article