എന്നാൽ, പരാതികള്‍ പരിഗണിച്ച് തീരുമാനം പ്രഖ്യാപിക്കുന്നതിനായി അനൂപ് ചന്ദ്രനെയാണ് ബിഗ് ബോസ് വിധികര്‍ത്താവായി തിരഞ്ഞെടുത്തത്. അതിനാല്‍ത്തന്നെ അദ്ദേഹത്തോട് ആര്‍ക്കും പരാതി അറിയിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. പരാതിക്കനുസൃതമായി ആരോപണവിധേയനെ ചോദ്യം ചെയ്യാനുള്ള അവസരവും ബിഗ് ബോസ് അദ്ദേഹത്തിന് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് എല്ലാവരും അവരവരുടെ പരാതി എഴുതിത്തയ്യാറാക്കിയതിന് ശേഷം പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ചത്.
പരാതികള്‍ ഓരോന്നും പരിശോധിക്കുന്നതിനിടയിലാണ് ബന്ധപ്പെട്ടവരെ വിളിച്ച് വരുത്തി അനൂപ് വിചാരണ നടത്തിയത്. രഞ്ജിനി ഹരിദാസിനെക്കുറിച്ചുള്ള പരാതിയായിരുന്നു ആദ്യം ലഭിച്ചത്. ബിഗ് ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാവുന്ന സമയത്ത് രണ്ട് ഭാഗത്തും നില്‍ക്കുവെന്ന പരാതിയായിരുന്നു താരത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ക്യാപ്റ്റന്‍ തന്നോടുള്ള വ്യക്തിവിദ്വേഷം തീര്‍ക്കുകയാണെന്നായിരുന്നു താരത്തിന്റെ ആരോപണം.
കോടതിയെ വിമര്‍ശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു അനൂപിന്റെ നിലപാട്. പിന്നീടാണ് ഇപ്പോഴത്തെ ക്യാപ്റ്റനായ ശ്രിനീഷ് അരവിന്ദനെതിരെ പരാതി ഉയര്‍ന്നത്. ബിഗ് ഹൗസിനെ നാഥനില്ലാക്കളരിയാക്കി മാറ്റിയെന്നായിരുന്നു ആരോപണം. മത്സരാര്‍ത്ഥികള്‍ക്ക് ഡ്യൂട്ടി നല്‍കുന്നതില്‍ താരം പിന്നോട്ടാണെന്നായിരുന്നു പലരും പരാതിപ്പെട്ടത്. പത്ത് ഏത്തമിടുകയെന്ന ശിക്ഷയായിരുന്നു കോടതി വിധിച്ചത്.