എന്നാൽ, തുടക്കം മുതൽ ചിത്രത്തെ മോശമായി ചിത്രീകരിക്കുന്ന പ്രവണത ഉണ്ടെന്നും പാർവതിയോടുള്ള പക തന്റെ ചിത്രത്തിലൂടെയാണ് കാണിക്കുന്നതെന്നും റോഷ്നി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സ്ത്രീയെന്ന പരിഗണന ഒരിടത്തുനിന്നും ലഭിച്ചില്ലെന്നും അമ്മയും ഡബ്ല്യുസിസിയും ആരും സഹായിച്ചില്ലെന്നും റോഷ്നി പറയുന്നു.
പൃഥ്വിരാജിനോടും പാർവതിയോടുമുള്ള ദേഷ്യം 'മൈ സ്‌റ്റോറി'യോട് തീർക്കുന്നുവെന്ന് സംവിധായക റോഷ്‌നി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പ്രധാന അഭിനേതാക്കൾ സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നും സംവിധായക അഭിപ്രായപ്പെട്ടു. സിനിമയുടെ പ്രചാരണ പരിപാടികൾക്ക് പൃഥ്വിരാജും പാർവതിയും സഹകരിക്കുന്നില്ലന്നും റോഷ്‌നി ആരോപിച്ചു.
‘ഓൺലൈനിൽ കൂടി അവർ പ്രമോട്ട് ചെയ്യാം എന്നുപറഞ്ഞു. എന്നാൽ അങ്ങനെ പോലും അവർ സഹകരിക്കുന്നില്ല. ഞാൻ ഇവർക്കായി പ്രത്യേക കരാർ ഒന്നും ഒപ്പിട്ടിട്ടില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. '
മോഹൻലാലിനോട് ഇതേക്കുറിച്ച് പറഞ്ഞു. സിനിമ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാൽ സിനിമയിൽ അഭിനയിച്ചവർ ഇതിനോട് സഹകരിക്കുന്നില്ല. ഈ അനുഭവം നാളെ ആർക്കുവേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ളവർ ഇതിനെതിരെ രംഗത്തുവരണമെന്നും റോഷ്‌നി പറഞ്ഞു.