‘ഉജ്ജ്വലമായ അഭിനയം‘ - മമ്മൂട്ടിയുടെ പേരൻപിനെ വാനോളം പുകഴ്ത്തി ഹോളിവുഡ് സംവിധായകൻ

വെള്ളി, 13 ജൂലൈ 2018 (11:20 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിന്റെ ചിത്രമാണ് പേരൻപ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലെ അടുത്തയാളാവുകയാണ് ഹോളിവുഡ് സംവിധായകൻ റോബേർട്ട് ഷ്വങ്ക്. 
 
ഇതുവരെ കണ്ടതിൽ വെച്ചേറ്റവും നല്ല സിനിമയാണ് പേരൻപ് എന്ന് സംവിധായകൻ പറയുന്നു. ‘മികച്ച തിരക്കഥ കൊണ്ടും ഉജ്ജ്വലമായ അഭിനയമുഹൂർത്തങ്ങൾ കൊണ്ടും മനോഹരമായ സിനിമ. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. നിങ്ങളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന സിനിമയാകും പേർൻപ്’- എന്ന് സംവിധായകൻ റൊബേർട്ട് പറയുന്നു.
 
പേരൻപ് എന്ന ചിത്രത്തിന്റെ എഴുത്തുകുത്തുകൾ പുരോഗമിക്കുമ്പോൾ സംവിധായകൻ റാമിന്റെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖം. മമ്മൂട്ടിയല്ലാതെ മറ്റൊരാൾ ചെയ്താൽ നന്നാകില്ല എന്നൊരു ചിന്ത സംവിധായകനുണ്ടായിരുന്നത്രേ. മമ്മൂട്ടിയുടെ ഡേറ്റിനായി റാം കാത്തിരുന്നത് വർഷങ്ങൾ ആണെന്നാണ് കേട്ടത്. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയതോടെ 2016ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. 
 
അമുഥൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അച്ഛൻ - മകൾ ബന്ധമാണ് ചിത്രം പറയുന്നത്. അവാർഡ് ജൂറികൾ കണ്ണടച്ചില്ലെങ്കിൽ പേരൻപിലൂടെ മമ്മൂട്ടിയ്ക്ക് നാലാമത്തെ ദേശീയ പുരസ്കാരം ലഭിക്കുമെന്നാണ് വാർത്തകൾ. അത്രയ്ക്ക് കാമ്പുള്ള വേഷമാണ് അമുഥന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍