കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ കാവ്യ മാധവന്റെ വളര്‍ച്ച അതിവേഗമായിരുന്നു. തൊട്ടടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജായിരുന്നു കാവ്യയ്ക്ക് പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നത്. നിഷാൽ ചന്ദ്രയുമായുള്ള വിവാഹവും വിവാഹ മോചനവും ശേഷം ദിലീപുമായുള്ള വിവാഹവുമൊക്കെയായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു കാവ്യ.
മലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയില്‍ ആദ്യ സ്ഥാനം ഒരിക്കൽ കാവ്യയുടെ സ്വന്തമായിരുന്നു. മികച്ച താരമായി തിളങ്ങി നിൽക്കുമ്പോൾ നടിമാർ ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രത്തെ കാവ്യ അവതരിപ്പിച്ചിരുന്നു. നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ എന്ന ചിത്രത്തിലെ വില്ലത്തി വേഷമായിരുന്നു അത്.
ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു കാവ്യ അഭിനയിച്ചിരുന്നത്. അപ്രത്യക്ഷിത ട്വിസ്റ്റില്‍ പറഞ്ഞ് നിര്‍ത്തിയ സിനിമയിലെ കാവ്യ മാധവന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. എ കെ സാജന്റെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി.
എന്നാൽ, നാദിയ -നാദിറ എന്ന കഥാപാത്രത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാവ്യയോട് പറഞ്ഞപ്പോൾ ആദ്യം ‘നോ’ എന്നാണ് കാവ്യ പറഞ്ഞത്. വില്ലത്തിയായാൽ പ്രേക്ഷകർക്കിടയിലുള്ള നല്ല കുട്ടി ഇമേജ് നഷ്ടമാകുമോയെന്ന ഭയമായിരുന്നു കാരണമെന്നാണ് റിപ്പോർട്ടുകൾ. ഒടുവിൽ ദിലീപ് ഇടപെടുകയും കാവ്യ ധൈര്യപൂർവ്വം രണ്ട് കഥാപാത്രവും ഏറ്റെടുക്കുകയുമായിരുന്നു എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്.