ഇനി മോഹന്‍ലാലിന്റെ കാലം,വാലിബനെ വരവേല്‍ക്കാന്‍ തിയറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു, റിലീസിന് ശേഷം വരുന്ന മൂന്ന് അവധി ദിവസങ്ങളില്‍ പ്രതീക്ഷയോടെ നിര്‍മാതാക്കള്‍ !
'നേര്' വിജയത്തോടെയാണ് 2024 മോഹന്‍ലാല്‍ തുടങ്ങിയത്. 80 കോടിയില്‍ കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ജീത്തു ജോസഫ് ചിത്രത്തിനുശേഷം ജനുവരി 25 ആഘോഷിക്കാനിരിക്കുകയാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളില്‍ പൊടി പാറിക്കും. പ്രഖ്യാപനം മുതലേ വലിയ ഹൈപ്പാണ് 'മലൈക്കോട്ടൈ വാലിബന്‍'ന് ലഭിക്കുന്നത്. റിലീസിന് ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കേ കേരളത്തിലെ തിയറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു,വാലിബനെ വരവേല്‍ക്കാന്‍.
എന്താകും ലിജോ ചിത്രം പറയാന്‍ പോകുന്നത് എന്നത് ഇതുവരെയും വ്യക്തമല്ല. സിനിമയ്ക്കുള്ളില്‍ എന്തൊക്കെ ഉണ്ടാകുമെന്ന് അറിഞ്ഞ് സിനിമ കാണുന്നതിനേക്കാള്‍ നല്ലത് തിയറ്ററില്‍ എത്തി സിനിമ ആസ്വദിക്കുന്നതാണെന്ന് ലിജോ പറഞ്ഞിരുന്നു. മുന്‍വിധികള്‍ ഒന്നുമില്ലാതെ പ്രേക്ഷകരും തിയറ്ററുകളില്‍ എത്തും. റിലീസിനോട് അനുബന്ധിച്ച് ഫ്‌ലക്‌സുകളും പോസ്റ്ററുകളും നിറഞ്ഞുതുടങ്ങി.വാലിബന്‍ പുതിയ പോസ്റ്ററുകള്‍ ഓരോ ദിവസവും നിര്‍മാതാക്കള്‍ പുറത്തുവിടുന്നുണ്ട്.
2024 ജനുവരി 25ന് റിലീസിന് എത്തുന്ന ചിത്രം ആദ്യദിനം നിറഞ്ഞ ഓടിയ ശേഷം ജനുവരി 26 റിപ്പബ്ലിക് ഡേ ആയതുകൊണ്ട് അവധിയായിരിക്കും, അന്നും തിയറ്ററുകളിലേക്ക് കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ശനി, ഞായര്‍ ദിവസങ്ങളും ആളുകള്‍ നിറയും എന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ കൊണ്ട് വന്‍ കളക്ഷന്‍ വാലിബന്‍ നേടും. മാത്രമല്ല വലിയ റിലീസുകള്‍ ഒന്നും ഈ ദിവസം പ്രഖ്യാപിച്ചിട്ടുമില്ല. അതും അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.