മമ്മൂട്ടിയുടെ 'ബസൂക്ക'യ്ക്ക് എന്താണ് സംഭവിക്കുന്നത്?

രേണുക വേണു
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (08:57 IST)
Bazooka: മമ്മൂട്ടി ചിത്രം ബസൂക്കയുടെ റിലീസ് നീളുന്നതില്‍ ആരാധകര്‍ക്കു അതൃപ്തി. ഒരു വര്‍ഷത്തോളമായിട്ടും ചിത്രീകരണം പോലും പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. ഈ വര്‍ഷം ഓണത്തിനു റിലീസ് ചെയ്യുമെന്ന് കരുതിയിരുന്ന ബസൂക്ക അടുത്തൊന്നും തിയറ്ററുകളില്‍ എത്തില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബസൂക്കയുടെ റിലീസ് അടുത്ത വര്‍ഷമായിരിക്കുമെന്നും സൂചനയുണ്ട്. 
 
ബസൂക്കയുടെ ഏതാനും ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ട്. സെപ്റ്റംബര്‍ 29 മുതല്‍ മൂന്ന് ദിവസത്തേക്ക് കൊച്ചിയില്‍ അവസാന ഘട്ട ചിത്രീകരണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗൗതം വാസുദേവ് മേനോന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഇതോടെ സിനിമയുടെ ചിത്രീകരണം പൂര്‍ണമായും അവസാനിക്കും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇനിയും ബാക്കിയുണ്ട്. അടുത്ത വര്‍ഷമായിരിക്കും സിനിമ തിയറ്ററുകളിലെത്തുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചില ഭാഗങ്ങള്‍ വീണ്ടും ചിത്രീകരിക്കേണ്ടി വന്നെന്നും വാര്‍ത്തകളുണ്ട്. 
 
നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്നതാണ്. 'നല്ലതും ചീത്തയും തമ്മിലുള്ള കളി' എന്ന പ്ലോട്ടിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഡീനോ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

Next Article