'ആ സിനിമയിൽ സന്തുഷ്ടയായിരുന്നില്ല'; വർഷങ്ങൾക്കുശേഷം രജനികാന്ത് ചിത്രത്തെക്കുറിച്ച് നടി മീന

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഫെബ്രുവരി 2024 (09:15 IST)
Rajinikanth Meena
എം മോഹനൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കഥ പറയുമ്പോൾ. ഇന്നും മലയാളി പ്രേക്ഷകർ കാണാൻ കൊതിക്കുന്ന സിനിമ. ശ്രീനിവാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം വിജയമായതിന് പിന്നാലെ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മലയാളത്തിൽ നിന്ന് തമിഴിലേക്ക് എത്തുമ്പോഴും നായികയായ മീനയ്ക്ക് മാറ്റമുണ്ടായിരുന്നില്ല.‘കുസേലൻ’എന്ന പേരിലാണ് തമിഴിലേക്ക് റീമേക്ക് ചെയ്തത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ രജനികാന്ത് ചെയ്തു. എന്നാൽ തമിഴ് പതിപ്പിൽ താൻ സന്തോഷവതിയല്ലെന്നാണ് ഇപ്പോൾ മീന തുറന്നു പറഞ്ഞിരിക്കുന്നത്.
തമിഴിലേക്ക് പോയപ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും കഥ പറയുമ്പോൾ ഉണ്ടായിരുന്നതല്ല ചെയ്തു വന്നപ്പോൾ എന്നും മീന പറഞ്ഞു. ഇത് ‘കഥ പറയുമ്പോൾ’ സിനിമ തന്നെയാണോ എന്ന് തോന്നിപ്പോയ നിമിഷത്തെ കുറിച്ചും നടി ഓർക്കുന്നു.കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ വൈകാരികത തമിഴിൽ ചെയ്തപ്പോൾ നഷ്ടപ്പെട്ടുപ്പോയി. അതുകൊണ്ട് ആ സിനിമയിൽ സന്തുഷ്ടയായിരുന്നില്ല എന്നാണ് നടി പറയുന്നത്.
 
"നല്ല ഒരു ക്യാരക്ടറായിരുന്നു. സൂപ്പർസ്റ്റാറുകളുടെ നായികയായി മാത്രമെ ഞാൻ സിനിമ ചെയ്യുകയുള്ളൂ എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. അത് എനിക്ക് മാറ്റണമെന്നുണ്ടായിരുന്നു. കഥയ്‌ക്കും കഥാപാത്രത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നതെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് എനിക്ക് ലഭിച്ച ശരിയായ സിനിമയായിരുന്നു കഥ പറയുമ്പോൾ.വളരെ നിഷ്‌കളങ്കയായ ഒരു കഥാപാത്രം. വലിയ ലോക വിവരമൊന്നുമില്ലാത്ത, സാധാരണക്കാരിയായ, സ്‌നേഹ സമ്പനയായ ഒരു സ്ത്രീ. എനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടു. കഥാപാത്രം മാത്രമല്ല, ആ സിനിമയുടെ തിരക്കഥയും ഗംഭീരമായിരുന്നു. വൈകാരികമായി തൊടുന്ന തിരക്കഥയായിരുന്നു കഥ പറയുമ്പോൾ എന്ന സിനിമയുടേത്.തമിഴിലേയ്‌ക്ക് പോയപ്പോൾ ഒരുപാട് മാറ്റങ്ങളുണ്ടായി. കഥ പറഞ്ഞപ്പോൾ ഒന്ന്, ചെയ്തപ്പോൾ മറ്റൊന്ന്. ഇത് ‘കഥ പറയുമ്പോൾ’ സിനിമ തന്നെയാണോ എന്ന് തോന്നിപ്പോയി. തിരക്കഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. തമിഴ് റീമേക്കിൽ ഞാൻ ഒട്ടും ഹാപ്പി ആയിരുന്നില്ല. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്‌റെ വൈകാരികത തമിഴിൽ ചെയ്തപ്പോൾ നഷ്ടപ്പെട്ടുപ്പോയി. അതുകൊണ്ട് ആ സിനിമയിൽ സന്തുഷ്ടയായിരുന്നില്ല ഞാൻ",-മീന പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article