ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഏപ്രില്‍ 2025 (18:05 IST)
ഓഹരി വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു. ജപ്പാന്‍, ഹോങ്കോങ് തുടങ്ങിയ ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ഇന്ത്യന്‍ സൂചികകള്‍ക്ക് ഉണര്‍വേകിയത്. ഇന്നലെ ഏകദേശം 2000 പോയിന്റോളം ഇടിഞ്ഞ് വന്‍ തകര്‍ച്ച വിപണി നേരിട്ടിരുന്നു. എന്നാല്‍ ഇന്നത്തെ തിരിച്ചുവരവ് നിക്ഷേപകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
 
ചൈന അമേരിക്കയ്ക്ക് പകരചുങ്കം തിരിച്ചടിയായി നല്‍കുമ്പോള്‍ ഇന്ത്യ സ്വീകരിക്കുന്ന മൃദു സമീപനം വിപണിക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം പകരച്ചുങ്കം നാളെ നിലവില്‍ വരാനിരിക്കുന്ന ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ വ്യാപാര കരാറിന്റെ ഉള്ളടക്കം ചര്‍ച്ചയായി.
 
അതേസമയം അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവമാണെന്നും ഇത് അംഗീകരിക്കില്ലെന്നും ചൈന പറഞ്ഞു. ട്രംപിന്റെ തീരുവ യുദ്ധത്തില്‍ ചൈനയും ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50% അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ചൈന പ്രതികരണവുമായി എത്തിയത്.
 
അമേരിക്ക പ്രഖ്യാപിച്ച 34 ശതമാനം നികുതിക്ക് മറുപടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേലും ചൈന പകരച്ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അമേരിക്ക 50% ചുങ്കം പ്രഖ്യാപിച്ചത്. അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ 50 ശതമാനം അധികതീരുവാ ചൈനയ്ക്ക് മേല്‍ ചുമത്തുമെന്നും പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍