പൃഥ്വിരാജ് ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായത് സുരേഷ് ഗോപി !

കെ ആര്‍ അനൂപ്
ശനി, 30 മെയ് 2020 (18:10 IST)
സിനിമാക്കാരുടെ ഇടയിൽ സുരേഷ് ഗോപിക്ക് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ലെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. സുരേഷ് ഗോപി താരസംഘടനയായ അമ്മയിൽ അംഗമല്ലാത്തതിൻറെയും നടൻ രതീഷ് മരിക്കുമ്പോൾ  ആ കുടുംബത്തിന് താങ്ങായി സുരേഷ് ഗോപി എത്തിയതിനെക്കുറിച്ചും ഫേസ്‌ബുക്കിലൂടെ പറയുകയാണ് ആലപ്പി അഷറഫ്. ആടുജീവിത സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായെത്തിയത് സുരേഷ് ഗോപി ആണെന്ന് അഷ്റഫ് പറയുന്നു. സുരേഷ് ഗോപിയിലെ മനുഷ്യസ്നേഹിയെ കുറിച്ചും അദ്ദേഹത്തിൻറെ ജീവിത വഴിയിൽ ഇതുവരെ ചെയ്ത ആരോടും പറയാതെ നടത്തിയ  പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കുകയാണ് ആലപ്പി അഷ്റഫ് തൻറെ ഫേസ്ബുക്ക് കുറിപ്പിലൂടെ. 
 
ഇതിൻറെ പ്രസക്ത ഭാഗം വായിക്കാം… 
 
മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിർഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേർ എന്നോട് പലയുരു ആരാഞ്ഞിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ  വായിക്കാം. ഭരത് അവർഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാൻ വിശകലനം ചെയ്യുന്നില്ല. 
 
അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം, നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്. എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച്നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി. എൻഡോസൾഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമിച്ച് നൽകിയത്. പ്രിയനടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും. വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്റെ മടക്കം. തേനിയിൽ അവരെ തടഞ്ഞുവച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകൾ മുഴുവൻ തീർത്തു.
 
തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവർക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമാതാവ് സുരേഷ് കുമാറും ചേർന്നാണ്. കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്നേഹിതന്റെ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവൻ സ്വർണം. നിർഭാഗ്യമെന്നു പറയട്ടെ സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല. 
 
ഗൾഫിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താൽ രണ്ടു ലക്ഷം രൂപ പിഴ കെട്ടേണ്ടിവന്നു മുൻപൊരിക്കൽ സുരേഷ് ഗോപിക്ക്. ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി. പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായി ശബ്ദമുയർത്തി സുരേഷ്.
 
തന്നിൽ നിന്നും പിഴയായ് ഈടാക്കിയ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന്‌ സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. എന്നാൽ ആടുജീവിതം സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാട് ചെയ്തത് സുരേഷിന്റെ എംപി പദവിയുടെ പിൻബലത്തിലായിരുന്നു.
 
പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്ട്രീത്തോട് വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ വിമർശനം അത്... അതിര് കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്. ഇത്ര അധികം നന്മകൾ ചെയ്തിട്ടുള്ള ഒരാൾ ഇത്ര അധികം വിമർശനം ഏറ്റു വേദനിക്കുന്നത് ഇതിന് മുൻപ് എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.
 
ഇത് കൂടി പറഞ്ഞു ഞാൻ നിർത്തുന്നു. പ്രിയ സുരേഷ് അങ്ങയുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ വഴിയിൽ ഞാനില്ല. പക്ഷേ താങ്കളുടെ നന്മകൾ അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല. എന്റെയും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അങ്ങയെ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
 
അങ്ങേക്ക് ഭാവുകങ്ങൾ നേർന്ന്... ആലപ്പി അഷറഫ്

അനുബന്ധ വാര്‍ത്തകള്‍

Next Article