സിനിമയിൽ നിന്ന് അധികം വരുമാനം ഇല്ലാത്ത സമയത്തായിരുന്നു നടൻ ശ്രീനിവാസന്റെ വിവാഹം നടന്നത്. അതുകൊണ്ടുതന്നെ അധികം ആഡംബരം ഒന്നും ഇല്ലാത്തെയായിരുന്നു ശ്രീനിവാസൻ - വിമല വിവാഹം നടന്നതും. വലിയൊരു നാടക നടൻ ആകണമെന്ന ആഗ്രഹവുമായി നടക്കുന്നതിനിടെയായിരുന്നു സിനിമയിലേക്കുള്ള വരവും.
എന്നാൽ ഇവരുടെ കല്ല്യാണ ക്ഷണത്തിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. 'ഒരു കഥ നുണക്കഥ' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തന്റെ പ്രണയിനിയെ വിവാഹം ചെയ്യാനെത്തിയ ശ്രീനിവാസന്‍ തന്റെ വീടിനു പരിസരത്തെ എല്ലാ വീടുകളിലും കല്യാണം വിളിച്ചു, പക്ഷെ കല്ല്യാണത്തിന് വരണം എന്ന് പറയുന്നതിന് വിപരീതമായി ആരും കല്യാണത്തിന് വരരുത് എന്നാണ് പറഞ്ഞതെന്ന് മാത്രം.
തന്റെ കല്ല്യാണ ആവശ്യത്തിനായി പണം നല്‍കി സഹായിച്ച മമ്മൂട്ടിയോടും കല്യാണത്തിന് വരരുതെന്ന് തന്നെ പറഞ്ഞു. അതിന് പ്ന്നിലും കാരണം ഉണ്ടായിരുന്നു. 'ആവനാഴി' എന്ന സിനിമയിലൊക്കെ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ കത്തി നില്‍ക്കുന്ന സൂപ്പര്‍ താരം തന്റെ കല്യാണത്തിന് വന്നാല്‍ അവിടെ ആള് കൂടുമെന്ന് ശ്രീനിവാസന് ഭയമുണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി അത് വിസമ്മതിച്ചെന്നും, തന്റെ കല്യാണത്തിന് ഉറപ്പായും താന്‍ വരുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു.