യന്ത്ര ആനയ്ക്ക് വേണ്ടി ശില്പ ഷെട്ടി മുടക്കിയത് പത്ത് ലക്ഷം, തൂക്കം 800 കിലോ!

നിഹാരിക കെ.എസ്
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (13:43 IST)
ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ യന്ത്ര ആനയെ സമര്‍പ്പിച്ച് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. വീരഭദ്ര എന്ന് പേരിട്ട യന്ത്ര ആനയ്ക്ക് മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്ത് ലക്ഷം രൂപയാണ് ഈ ആനയെ നിർമിക്കാൻ ശില്പ ചെലവാക്കിയത്. റബ്ബര്‍, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മ്മാണം. ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആനയെ സമര്‍പ്പിച്ചത്. 
 
ആഘോഷങ്ങള്‍ക്ക് ആനയെ വാടകയ്ക്ക് എടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. സമര്‍പ്പണച്ചടങ്ങില്‍ വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ, ഊര്‍ജവകുപ്പുമന്ത്രി കെ.ജെ. ജോര്‍ജ്, മഠാധിപതി രംഭാപുരി ജഗദ്ഗുരു എന്നിവര്‍ പങ്കെടുത്തു. ജീവനുള്ള ആനയെ പോലെ ഇത് കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യും. മാത്രമല്ല വലിയ ചെവികള്‍ ആട്ടും തലയും തുമ്പിക്കൈയും വാലും ഇളക്കുകയും ചെയ്യും. 
 
രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ശില്‍പ്പ യന്ത്ര ആനയെ സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളില്‍ യന്ത്ര ആനകളായെന്ന് മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’ അറിയിച്ചു. തൃശ്ശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടി പാര്‍വതി തിരുവോത്ത് യന്ത്ര ആനയെ സംഭാവന നല്‍കിയിരുന്നു. ബോളിവുഡ് നടി ആദാ ശര്‍മ്മയും ഒരു ക്ഷേത്രത്തില്‍ യന്ത്ര ആനയെ സമര്‍പ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article