സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നാണ് ബാഷ. രജനികാന്തിനെ സ്റ്റൈൽ മന്നൻ ആക്കിയ ചിത്രങ്ങളിൽ ഒന്നാണ് ബാഷ. ഇന്നും ആരാധകര്‍ക്ക് ആവേശമാണ് ബാഷയും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും. ഇപ്പോള്‍ ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ട് ബാഷ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്.
ചിത്രത്തിന്റെ 30ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ 4കെ മികവിലുള്ള പ്രിന്റായിരിക്കും ആരാധകര്‍ക്കായി വീണ്ടും തിയറ്ററിലേക്ക് എത്തുന്നത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വാര്‍ത്ത. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 1995ലാണ് റിലീസ് ചെയ്തത്. നഗ്മ നായികയായി എത്തിയ ചിത്രത്തില്‍ രഘുവരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന ഒരു ആധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആര്‍ എം വീരപ്പനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.