'ആസിഫ് അലി യഥാർത്ഥത്തിൽ അങ്ങനെ ആണ്, നന്മമരം കളിക്കുന്നതല്ല'

നിഹാരിക കെ.എസ്

തിങ്കള്‍, 13 ജനുവരി 2025 (18:16 IST)
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ആസിഫ്-ജിസ് ജോയ് കൂട്ടുകെട്ടിന്റെ ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിൽ സഹ സംവിധായകനായാണ് ജോഫിൻ സിനിമാജീവിതം ആരംഭിക്കുന്നത്. വർഷങ്ങൾക്കിപ്പുറം സംവിധായകൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ആസിഫ് എന്ന വ്യക്തിയിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുകയാണ് ജോഫിൻ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
2013 ലായിരുന്നു താൻ ആസിഫ് അലിയെ പരിചയപ്പെടുന്നത്, അന്ന് സഹസംവിധായകനായ തന്നോട് എങ്ങനെ പെരുമാറിയോ, അതേ സൗഹൃദത്തോടെയാണ് ഇപ്പോഴും അദ്ദേഹം പെരുമാറുന്നത്. ഒരു സിനിമാ സെറ്റിൽ എത്തിയാൽ ഉടൻ കാരവനിൽ പോയിരിക്കുന്ന നടനല്ല ആസിഫ് അലി. സെറ്റിലെ എല്ലാവരുമായി അടുത്ത് പെരുമാറുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ജോഫിൻ അഭിപ്രായപ്പെട്ടു.
 
'ഞാൻ ഒരു നായകനെ ചുമ്മാ അങ്ങ് പൊക്കി പറയുന്നതല്ല, അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തവർക്ക് അറിയാൻ കഴിയും. ഒരു ഷൂട്ടിങ്ങ് സെറ്റിലേക്ക് വന്നാൽ, നേരെ കാരവനിലേക്ക് കയറുന്ന ആളല്ല അദ്ദേഹം. അവിടെ നിൽക്കുന്ന എല്ലാവരെയും കണ്ട് സംസാരിച്ച്, ആരെയെങ്കിലും കണ്ടില്ലെങ്കിൽ ആ ചേട്ടൻ എവിടെ എന്നൊക്കെ ചോദിക്കുന്ന വ്യക്തിയാണ്. അദ്ദേഹം നന്മമരം കളിക്കുന്നതല്ല, വളരെ ഓർഗാനിക്കായി ചെയ്യുന്നതാണ്,' എന്ന് ജോഫിൻ ടി ചാക്കോ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍