Premalu Box Office Collection: മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനു മുന്നിലും വീഴാതെ പ്രേമലു. കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് ഏഴാം ദിനത്തിലും ഒരു കോടിക്ക് മുകളില്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടി. റിലീസ് ചെയ്ത് ഏഴാം ദിനമായ ഇന്നലെ പ്രേമലു കളക്ട് ചെയ്തത് 1.40 കോടിയാണ്. ചിത്രം ഉടന്‍ തന്നെ 25 കോടി ക്ലബില്‍ കയറും.
ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 14.90 കോടിയാണ് പ്രേമലു കളക്ട് ചെയ്തത്. ഓവര്‍സീസില്‍ ഏഴ് കോടിക്ക് അടുത്തും ഇതുവരെ സ്വന്തമാക്കി. വേള്‍ഡ് വൈഡ് കളക്ഷന്‍ 20 കോടി കടന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കടക്കാനാണ് സാധ്യത.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് ഭ്രമയുഗത്തിന്റേതാണ്. ഒന്നേകാല്‍ ലക്ഷത്തില്‍ അധികം ടിക്കറ്റുകളാണ് വിറ്റുപോയത്. തൊട്ടു പിന്നില്‍ പ്രേമലുവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി.സംവിധാനം ചെയ്ത പ്രേമലുവില്‍ നസ്ലനും മമിതയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. റൊമാന്‍സ് - കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.