കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി. കെ രാധാകൃഷ്ണന്‍ എംപി ഇഡിക്ക് നല്‍കിയ മൊഴിയിലെ നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡിനപ്പുറം പാര്‍ട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ല, ബിനാമി വായ്പകള്‍ അനുവദിക്കാന്‍ സംവിധാനം ഉള്ളതായി അറിയില്ല, പാര്‍ട്ടിക്ക് പാര്‍ലമെന്ററി കമ്മിറ്റിയും സബ് കമ്മിറ്റിയും ഉണ്ടായിരുന്നതായി അറിയില്ലെന്നും അദ്ദേഹം മൊഴി നല്‍കി.
കൂടാതെ ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം മൊഴി നല്‍കി. തട്ടിപ്പ് നടന്നത് ജില്ലാ കമ്മിറ്റിയുടെ അറിവോടെ ആണെന്ന സി കെ ചന്ദ്രന്റെ ആരോപണം തെറ്റാണെന്നും ചന്ദ്രന് കാര്യമായ ചുമതല നല്‍കിയിരുന്നില്ലെന്നും എംപി പറഞ്ഞു. ചന്ദ്രന്‍ അസുഖ ബാധിതനായതിനാലാണ് ചുമതല നല്‍കാത്തതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
കൂടാതെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ടുകള്‍ ഇല്ലായിരുന്നുവെന്നും കെ രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. കേസില്‍ അന്തിമ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞദിവസമാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ എംപി ചോദ്യം ചെയ്യലിനെത്തിയത്. നേരത്തേ രണ്ടുതവണം ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയെങ്കിലും പാര്‍ലമെന്റ് നടക്കുന്നതിനാലും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാലും വരാന്‍ സാധിച്ചിരുന്നില്ല.