ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിതമായിരുന്നു റോഷാക്ക്. റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. പൃഥ്വിരാജ് നായകനാകുന്ന സിനിമയ്ക്ക് 'നോബഡി' എന്നാണ് പേര് ഇട്ടിരിക്കുന്നത്. ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക. ഇരുവരെയും കൂടാതെ അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഔപചാരിക പൂജയും സ്വിച്ച് ഓൺ കർമ്മവും എറണാകുളത്തെ വെല്ലിംഗ്ടൺ ഐലൻഡിൽ വെച്ച് നടന്നു. 'എന്ന് നിന്റെ മൊയ്‌തീൻ', 'മൈ സ്റ്റോറി' തുടങ്ങിയ ചിത്രങ്ങളിൽ ജോഡിയായി വേഷമിട്ടു ശ്രദ്ധേയരായവരാണ് പൃഥ്വിരാജും പാർവതി തിരുവോത്തും. മൈ സ്റ്റോറിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. നിസ്സാം ബഷീർ സംവിധാനം ചെയ്ത് സമീർ അബ്ദുൾ എഴുതിയ നോബഡി, ആകർഷകമായ ഒരു സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ വാഗ്ദാനം ചെയ്യുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും E4 എക്സ്പിരിമെന്റ്സിന്റെയും ബാനറുകളിൽ സുപ്രിയ മേനോൻ, മുകേഷ് മേത്ത, സി.വി. സാരഥി എന്നിവർ സംയുക്തമായി നിർമ്മിച്ച ഈ ചിത്രം, ആനിമൽ എന്ന ചിത്രത്തിലെ സംഗീതത്തിന് പേരുകേട്ട ഹർഷവർദ്ധൻ രാമേശ്വറിന്റെ സംഗീതം ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നു. ഇബ്‌ലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൽ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.