അല്ലു അർജുൻ- അറ്റ്‌ലി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്നലെയാണ് നടന്നത്. AA22 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. പ്രഖ്യാപനത്തോടൊപ്പം, സൺ പിക്ചേഴ്സ് ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും പുറത്തുവിട്ടിരുന്നു. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവും ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റർ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഹോളിവുഡ് ചിത്രമായ ഡ്യൂണിന്റെ പോസ്റ്ററിനോട് സമാനമാണ് ചിത്രത്തിന്റെ പോസ്റ്റർ എന്നാണ് ചിലരുടെ കണ്ടെത്തൽ. പോസ്റ്ററിന്റെ കളർ കോമ്പിനേഷൻ പോലും ഒരുപോലെയാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതാദ്യമായിട്ടാണ് അറ്റ്‌ലി ചിത്രങ്ങൾക്ക് നേരെ കോപ്പിയടി ആരോപണം ഉയരുന്നത്.
അതേസമയം, സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്ന് നിരവധി സാങ്കേതിക പ്രവർത്തകരും ഭാഗമാകുന്നുണ്ട്. അല്ലു അർജുന്റെ 43-ാം പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. ഈ ചിത്രത്തിനായി അറ്റ്ലീയുടെ പ്രതിഫലം 100 കോടിയാണ് എന്ന റിപ്പോർട്ടുകളുമുണ്ട്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും എന്നും സൂചനയുണ്ട്.