അറ്റ്ലിക്ക് 100 കോടി, അല്ലുവിന്റെ പ്രതിഫലം 175, വിഎഫ്എക്സിന് മാത്രം 250 കോടി! A22XA6 പടത്തിന്റെ ബജറ്റ് ഞെട്ടിക്കുന്നത്

നിഹാരിക കെ.എസ്

ബുധന്‍, 9 ഏപ്രില്‍ 2025 (09:30 IST)
അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവും അണിയറയിൽ ഒരുങ്ങുന്നു. സൺ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയായിരുന്നു. A22XA6 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയുടെ ബജറ്റ് സംബന്ധിച്ച കണക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. ഈ ചിത്രത്തിനായി അറ്റ്ലീയുടെ പ്രതിഫലം 100 കോടിയാണ് എന്ന റിപ്പോർട്ടുകളുമുണ്ട്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും എന്നും സൂചനയുണ്ട്.
 
അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ്, എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. മാസും മാജിക്കും കൂടിചേരുമ്പോൾ എന്നായിരുന്നു ചിത്രം പ്രഖ്യാപിച്ചു കൊണ്ട് സൺ പിക്ചേഴ്സ് പറഞ്ഞത്. 
 
ചിത്രത്തിലെ നായിക ആരാണെന്ന ചര്‍ച്ചയും സജീവമാണ്. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ അനുസരിച്ച് ഈ ചിത്രത്തില്‍ സാമന്ത നായികയാകും എന്നാണ് വിവരം. നേരത്തെ പ്രിയങ്ക ചോപ്രയുടെ പേര് ഉയർന്നു വന്നിരുന്നു. ജാൻവി കപൂർ ആയിരുന്നു ആദ്യ ചോയ്‌സ്. ജാൻവിക്ക് പകരം പ്രിയങ്ക എത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, പ്രിയങ്ക നായികയാകില്ലെന്നും പകരം സമാന്ത ആയിരിക്കും നായിക ആവുക എന്നും സൂചനയുണ്ട്. ചിത്രത്തിലെ മറ്റ് കാസ്റ്റിംഗ് സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍