മലയാള സിനിമയിൽ ഓൺ സ്‌ക്രീനിൽ വിപ്ലവം സൃഷ്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിട്ടുള്ള ഒരുപാട് നടിമാരുണ്ട്. എന്നാൽ, ഓഫ് സ്‌ക്രീനിൽ വിപ്ലവം സൃഷ്ടിക്കുകയും നിലപാടുകൾ കൊണ്ട് ആളുകളെ അമ്പരപ്പിക്കുകയും ചെയ്തിട്ടുള്ളത് ചുരുക്കം ചില നടിമാരാണ്. പാർവതി തിരുവോത്ത് ആണ് അതിൽ ഒന്നാമതുള്ളതെന്ന് നിസംശയം പറയാം. സ്‌ക്രീനിനും സ്‌ക്രീനിന് പുറത്തും മലയാള സിനിമയിലുണ്ടായിരുന്ന പല പിന്തിരിപ്പൻ ചിന്തകളെ തച്ചുടയ്ക്കുകയായിരുന്നു പാർവ്വതി.
ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ പാർവ്വതി താരസംഘടനയായ അമ്മയോടും സിനിമാ ലോകത്തെ പുരുഷാധിപത്യത്തോടും ശക്തമായി പോരാടുന്ന താരമാണ്. സംഘടനയുടെ ഭാഗമായത് മുതൽ പാർവതിക്ക് നേരെ സൈബർ ആക്രമണം ഉണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ചും ഡബ്ല്യുസിസിയെക്കുറിച്ചുമൊക്കെ പാർവ്വതി പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർവ്വതി.
അമ്മയിൽ അംഗമായിരുന്നപ്പോൾ നിരവധി പ്രശ്നങ്ങൾ ആയിരുന്നു നേരിടേണ്ടിവന്നിരുന്നത്. ഇതേക്കുറിച്ച് ആവർത്തിച്ച് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ലെന്നും താരം പറയുന്നു. ടോയ്‌ലറ്റ് വേണമെന്ന നിർദ്ദേശം അംഗീകരിച്ചതിനെക്കുറിച്ചും പാർവ്വതി സംസാരിക്കുന്നുണ്ട്. മുതിർന്ന നടന്മാരിൽ ചിലർക്ക് പ്രോസ്ട്രേറ്റിന് പ്രശ്നം ഉണ്ട്. അതുകൊണ്ടാണ് സിനിമാ ലൊക്കേഷനിൽ ശുചിമുറികൾ വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചത്. തങ്ങളുടെ കൂടെ ആവശ്യമെന്ന നിലയിലാണ് ആ ആവശ്യം അംഗീകരിക്കപ്പെട്ടതെന്നാണ് പാർവ്വതി ചൂണ്ടിക്കാണിക്കുന്നത്. ആ സംഭവത്തോടെ 'ബാത്‌റൂം പാർവതി' എന്ന പേര് വരെ വീണു എന്നും താരം പറയുന്നുണ്ട്.