വൃക്ക രോഗം- 24കാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം

അഭിറാം മനോഹർ

തിങ്കള്‍, 6 ജനുവരി 2025 (19:20 IST)
ഗുരുതര വൃക്ക രോഗത്തെ തുടർന്ന് ഒന്നരവർഷം മുമ്പ് വൃക്ക മാറ്റിവെച്ച തങ്കയം പൊക്കുനി സ്വദേശിയായ 24 കാരിക്ക് കരുതലും കൈതാങ്ങും.  ചിറ്റൂർ പരാതി പരിഹാര അദാലത്തിലാണ് സമാശ്വാസ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം വാഗ്ദാനം ചെയ്തതിന് പുറമെ അടിയന്തരമായി എ.എ.വൈ കാർഡ് അനുവദിച്ചു കൊടുക്കാനും മന്ത്രി എം.ബി രാജേഷ് ജില്ല സപ്ലൈ ഓഫീസറെ  ചുമതലപ്പെടുത്തി.നാല് വർഷം മുൻപ്  അച്ഛൻ മരിച്ചു പോയ 24 കാരിക്ക്  കൂലി പണിക്കാരിയായ അമ്മ മാത്രമാണ് ആശ്രയം. ഏക സഹോദരി വിവാഹിതയാണ്. അമ്മയും ഈ പെൺകുട്ടിയും  വാടകവീട്ടിലാണ് താമസം. മൂന്നു വർഷത്തോളമായി വൃക്ക രോഗം പെൺകുട്ടിയെ അലട്ടുന്നുണ്ട്.
 
 ഒന്നര വർഷം മുൻപ് വൃക്ക മാറ്റി വെച്ച ശേഷം ഒരു മാസം 15000/- വരെ  മരുന്നിന് ചെലവ് വരും.ആരോഗ്യ ഇൻഷുറൻസ് മുഖേനയാണ്  ഈ തുക കണ്ടെത്തിയിരുന്നത്. ഇൻഷുറൻസ് കാലാവധി അവസാനിക്കുകയും തുക മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെൺകുട്ടിയും അമ്മയും അദാലത്തിൽ അഭയം തേടിയത്. എ.എ.വൈ കാർഡ് അടിയന്തിരമായി ലഭ്യമാക്കാൻ കമ്മീഷ്ണറേറ്റിലേക്ക് ഉടൻ  രേഖകൾ കൈമാറുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.നെന്മാറ ഗവ. ഐടിഐയിൽ നിന്ന് മൂന്ന് വർഷം മുൻപ് ഐ.ടി ഐ  പൂർത്തിയാക്കിയതാണ് പെൺകുട്ടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍