ഫീല്‍ഗുഡ് സിനിമകള്‍, റൊമാന്റിക് കോമഡി, ത്രില്ലര്‍ സിനിമകളെല്ലാം വഴങ്ങുമെന്ന് തെളിയിച്ച സിനിമാ വ്യവസായമായിരുന്നെങ്കിലും ആക്ഷന്‍ സിനിമകള്‍ മലയാളത്തില്‍ ചുരുക്കം തന്നെയായിരുന്നു. ബാഹുബലിയും കെജിഎഫുമെല്ലാം കണ്ട് വാ പൊളിച്ചിരിക്കുമ്പോള്‍ എന്ത് കൊണ്ട് മലയാളത്തില്‍ ഇത്തരത്തില്‍ മാസ് സിനിമകള്‍ വരുന്നില്ല എന്ന് ദുഖിച്ചവര്‍ ഏറെയായിരിക്കാം. അതിനെല്ലാം പരിഹാരമായി അവതരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ. വയലന്‍സിന്റെ അതിപ്രസരമാണെന്ന വിമര്‍ശനങ്ങള്‍ പ്രസക്തമാണെങ്കിലും മലയാളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് സിനിമ. ടറന്റീന സിനിമകളും കൊറിയന്‍ സിനിമകളും കണ്ട് ആസ്വാദനം മാറിയ യുവസമൂഹം സിനിമയെ വളരെ വേഗമാണ് ഏറ്റെടുത്തത്.