പാലക്കാട്: ചികിത്സയ്ക്ക് പണമില്ലാതെ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ മരിച്ചു. പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കെ. ചന്ദ്രന്‍ (57) ആണ് മരിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ശമ്പള കുടിശ്ശികയായി നാല് ലക്ഷം രൂപ ലഭിക്കാനുണ്ടായിരുന്നു. ചികിത്സയ്ക്കും ദൈനംദിന ചെലവുകള്‍ക്കും പണമില്ലാതെ വന്നതിനെ തുടര്‍ന്ന് അദ്ദേഹം ദേവസ്വം അധികൃതരെ സമീപിച്ചിരുന്നു, എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
1996 മുതല്‍ ചന്ദ്രന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായിരുന്നു. 2010 മുതല്‍ 2015 വരെയുള്ള ശമ്പള കുടിശ്ശികയായി 3 ലക്ഷം രൂപയും മറ്റ് വകയില്‍ ഒരു ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്. 2024 ല്‍ അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ സ്വമേധയാ വിരമിക്കലിനുള്ള അപേക്ഷ നല്‍കിയെങ്കിലും ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
അതേസമയം, ശമ്പള കുടിശ്ശികയ്ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവാദിയല്ലെന്ന് അവര്‍ വാദിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടും ഫണ്ട് ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ശമ്പള കുടിശ്ശിക ഉണ്ടായതെന്നും ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി. വരുമാനമുള്ള ക്ഷേത്രങ്ങള്‍ സ്വന്തം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ചട്ടങ്ങള്‍ പ്രകാരം നിര്‍ബന്ധമാണ്. ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം നല്‍കേണ്ടത് ക്ഷേത്രമാണെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിന് ചട്ടപ്രകാരം സര്‍ക്കാര്‍ ഗ്രാന്റുകള്‍ക്ക് അര്‍ഹതയില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.