ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ തിയേറ്ററുകളില്‍ തീ പടര്‍ത്തി മുന്നേറുകയാണ്. ഇന്ത്യന്‍ സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വയലന്‍സ് രംഗങ്ങളാണ് സിനിമയിലുള്ളത്. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സിനിമയില്‍ ഒഴിവാക്കിയ രംഗങ്ങള്‍ ഒടിടിയിലുണ്ടാകുമെന്ന് സിനിമയുടെ നിര്‍മാതാവ് ഷരീഫ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. റിയാസ് ഖാന്റെ ഉള്‍പ്പടെയുള്ള രംഗങ്ങള്‍ ഇത്തരത്തില്‍ ഒടിടിയിലെത്തുമെന്ന് ഷരീഫ് മുഹമ്മദ് വ്യക്തമാക്കിയപ്പോള്‍ എല്ലാവരും തന്നെ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ച വയലന്‍സ് രംഗങ്ങളാകും എന്നാണ് കരുതിയിരുന്നത്.
എന്നാല്‍ സംഗതി അങ്ങനെയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാവ് ഷരീഫ് മുഹമ്മദ്. ഞാന്‍ പറഞ്ഞത് ബാക്ക് ഫയര്‍ ചെയ്യാന്‍ പാടില്ലല്ലോ. റിയാസ് ഖാന്റെ ഒഴിവാക്കിയ രംഗങ്ങള്‍ ബ്രൂട്ടല്‍ സീനുകളല്ല. സിനിമയുടെ ദൈര്‍ഘ്യത്തിന് അനുസരിച്ചും താളത്തിനനുസരിച്ചും എഡിറ്റ് ചെയ്ത് കട്ട് ചെയ്ത് വന്നപ്പോള്‍ ആ രംഗങ്ങള്‍ തത്കാലത്തേക്ക് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അത് സംവിധായകന്റെ തീരുമാനമായിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമ ഒടിടിയിലേക്ക് വരുമ്പോള്‍ നമ്മളെ കൊണ്ട് പുതിയ സീനുകള്‍ ആഡ് ചെയ്ത് നല്‍കാനാകും. എന്നാല്‍ അത് അവര്‍ കൂടി സ്വീകരിച്ചാലെ വരു. അതെല്ലാം ഒടിടിയുടെ തീരുമാനമാണ്.
മാര്‍ക്കോയില്‍ വയലന്‍സിന്റെ പീക്കടിക്കുന്ന ഭാഗങ്ങളില്‍ ഇന്റന്‍സിറ്റി കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. 13 സെക്കന്‍ഡുള്ള ദൃശ്യമാണെങ്കില്‍ അത് 5 സെക്കന്‍ഡാക്കി മാറ്റി. സീനില്‍ മാറ്റമില്ല. പക്ഷേ ഇന്റന്‍സിറ്റി കുറച്ചു. ഒടിടിയില്‍ മുഴിവന്‍ സീനുകളും ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഷരീഫ് മുഹമ്മദ് വ്യക്തമാക്കി.