ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ജനുവരി 20ന് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ മേക്കിങ്ങിനും ഉണ്ണി മുകുന്ദന്റെ ആക്ഷനും പ്രധാനമായും കയ്യടികള്‍ ഉയരുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ഉണ്ണി മുകുന്ദൻ.
മാര്‍ക്കോയിലെ ആക്ഷന്‍ സീനുകളെ കുറിച്ചും സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉണ്ണി മുകുന്ദന്‍ സംസാരിച്ചിരുന്നു. കോറിഡോര്‍ ഫൈറ്റാണ് ചിത്രത്തിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആക്ഷന്‍ സീക്വന്‍സെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തിയേറ്റര്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്.
മാര്‍ക്കോയ്ക്കായി ഏകദേശം 30 കോടിയോളം ചിലവായിട്ടുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദന്‍, അന്യ ഭാഷകളിലെ വമ്പന്‍ സിനിമകളെ സ്വീകരിക്കുന്ന കേരളത്തിലെ യുവജനങ്ങളാണ് ഈ ബജറ്റ് ചിലവാക്കാന്‍ തങ്ങള്‍ക്ക് ധൈര്യം നല്‍കിയതെന്നും പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.