അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെയായി മെഗാസ്റ്റാര്‍ വീണ്ടും പോലീസ് വേഷത്തിലെത്തുകയാണ് ഈ ചിത്രത്തില്‍.
പതിവില്‍ നിന്നും വ്യത്യസ്തമായ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന് നിര്‍മ്മാതാക്കളിലൊരാളായ കൃഷ്ണന്‍ സേതുകുമാര്‍ പറയുന്നു. ലുക്കിലും നോക്കിലും എടുപ്പിലുമെല്ലാം വ്യത്യസ്തമായിരിക്കും ഈ സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമെന്ന് റിപ്പോർട്ടുകൾ ലഭിച്ചപ്പോൾ മുതൽ ആരാധകർ ആവേശത്തിലാണ്.
ഹരിശ്രീ അശോകന്റെ മകനായ അര്‍ജുനും ഷൈന്‍ ടോം ചാക്കോയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛത്തീസ്ഗഢില്‍ വെച്ചാണ് സിനിമയ്ക്ക് തുടക്കമാവുന്നത്. ഉണ്ട എന്നാണ് ചിത്രത്തിന്റെ പേര്.
ഉണ്ട’ എന്ന് കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും ഈ സിനിമ അങ്ങനെയൊരു തമാശക്കളിയല്ല. ചിത്രം വെടിയുണ്ടയെക്കുറിച്ചാണ് പറയുന്നത്. ഈ സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് ഷാം കൌശല്‍ ആണ്. ബോളിവുഡിലെ മഹാവിജയങ്ങളായ ദംഗല്‍, ക്രിഷ് 3, ബജ്‌റംഗി ബായിജാന്‍, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്‍റം തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഷാം കൌശല്‍ ആണ്.
ജിഗര്‍തണ്ട പോലെയുള്ള തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗാവമിക് യു ആരി ആണ് ഉണ്ടയുടെ ക്യാമറാമാന്‍. അതുകൊണ്ടുതന്നെ ഉണ്ട ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.