അമ്മയുടെ രഹസ്യനീക്കത്തിൽ ഞെട്ടി വിമർശകർ, പിച്ച കാശെന്ന് പറഞ്ഞ് തള്ളാൻ ഇനിയാകുമോ?

ശനി, 18 ഓഗസ്റ്റ് 2018 (09:12 IST)
ആര്‍ത്തലച്ച് പെയ്യുന്ന മഴയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് കേരളം. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. ചെങ്ങന്നൂർ, ആലുവ എന്നിവടങ്ങളിലെ സ്ഥിതി വളരെ രൂക്ഷമാണ്. നിരവധിയാളുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. 
 
മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മഴ സംഹാരതാണ്ഡവമാടിയപ്പോള്‍ സിനിമാലോകവും സഹായവുമായി എത്തിയിരുന്നു. തെന്നിന്ത്യന്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയുമായിരുന്നു ആദ്യം ധനസഹായം പ്രഖ്യാപിച്ചത്. ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് നല്‍കിയത്. ഇതിന് പിന്നാലെയായി കമല്‍ഹസനും വിജയ് ദേവരക്കൊണ്ടയും പ്രഭാസുമുള്‍പ്പടെയുള്ളവരും സഹായങ്ങള്‍ പ്രഖ്യാപിച്ചു. 
 
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കേരളത്തിന് വേണ്ടി അണിനിരന്നപ്പോഴും താരസംഘടനയായ അമ്മ ഇക്കാര്യത്തിൽ ഒരു നിലപാടും എടുത്തിരുന്നില്ല. മലയാള സിനിമ ഒന്നും നൽകുന്നില്ലേയെന്ന് ആരാഞ്ഞപ്പോൾ 10 ലക്ഷം രൂപയുടെ ചെക്ക് സംഘടന മുഖ്യമന്ത്രിക്ക് നല്‍കി. 200ലധികം ആളുകളുള്ള അമ്മയെന്ന സംഘടനയിൽ നിന്നും 10 ലക്ഷമെന്ന നക്കാപ്പിച്ച മാത്രമാണ് കിട്ടിയതെന്ന് സോഷ്യൽ മീഡിയ പരിഹസിച്ചു.
 
എന്നാലിപ്പോൾ, വിമര്‍ശകരെപ്പോലും വായടിപ്പിക്കുന്ന തരത്തിലുള്ള നീക്കമായിരുന്നു അണിയറയില്‍ നടന്നത്. ആദ്യഘട്ട ധനസഹായമെന്ന തരത്തിലാണ് 10 ലക്ഷം നല്‍കിയത്. ഇനിയും സഹായങ്ങള്‍ നല്‍കുമെന്ന് അന്ന് മുകേഷും ജഗദീഷും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, താരങ്ങൾ രണ്ടാം ഘട്ടമായി 40 ലക്ഷം രൂപയാണ് നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. 
 
ഇത് രണ്ടാം ഘട്ടമാണെന്നും സഹായങ്ങള്‍ ഇനിയും നല്‍കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നീക്കത്തില്‍ സിനിമാപ്രേമികളും വിമര്‍ശകരും ഞെട്ടിയിരുന്നു. മുഖ്യമന്ത്രിക്ക് ധനസഹായം കൈമാറുന്ന ചിത്രവും താരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. മോഹന്‍ലാലിന്റെ പുതിയ തീരുമാനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. വിമര്‍ശിച്ചവര്‍ പോലും പുതിയ തീരുമാനത്തില്‍ സംതൃപ്തരായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍