നെയ്യാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. അമ്പൂരി ആനക്കുളം ഭാഗത്താണ് അപകടം ഉണ്ടായത്. അമ്പൂരി സ്വദേശി അര്‍ജുന്‍, കാട്ടാക്കട സ്വദേശി ദുര്‍ഗ്ഗാദാസ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയില്‍ ഇവര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പെട്ടെന്നാണ് നിഗമനം.
ഇന്ന് പുലര്‍ച്ചയാണ് ഇരുവരെയും കാണാതായ വിവരം പോലീസിന് ലഭിച്ചത്. പിന്നാലെ അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തിരൂരില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണതിന് പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ ആറു വയസ്സുകാരി മരിച്ചു. തിരൂര്‍ ചമ്രവട്ടം റോഡില്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്‍പിലാണ് അപകടം നടന്നത്. കഴിഞ്ഞദിവസം രാത്രി 7:30 യോടെയാണ് സംഭവം നടന്നത്. വളാഞ്ചേരി സ്വദേശി ഫൈസലിന്റെയും ബള്‍ക്കീസിന്റെയും മകളായ ഫൈസയാണ് മരണപ്പെട്ടത്.
പുറന്നൂര്‍ യുപി സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഫൈസ. മാതാവിന്റെ മടിയിലിരുന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെയാണ് അപകടം നടന്നത്. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവായ രോഗിയെ കാണാന്‍ ഓട്ടോ റിക്ഷയില്‍ വന്ന് തിരിച്ചു പോകവെയാണ് അപകടം നടന്നത്. കുട്ടിയുടെ വയറിന് സാരമായി പരിക്കേറ്റു.