ദുരിതപ്പെയ്ത്തിൽ പൊലിഞ്ഞത് 326 ജീവനുകൾ

ശനി, 18 ഓഗസ്റ്റ് 2018 (08:44 IST)
സംസ്ഥാനത്തെ വിഴുങ്ങിയ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 326 പേർ. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 324 ആണ്. എന്നാൽ, പ്രളയത്തില്‍ അകപ്പെട്ട് ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ രണ്ടു പേര്‍ കൂടി ഇന്ന് മരിച്ചതോടെ കണക്ക് 326 ആയി. 
 
മഴ ആരംഭിച്ച മേയ് 29 മുതലുള്ള കണക്കാണിത്. ഓഗസ്‌റ്റ് എട്ടുമുതല്‍ ഇന്നുവരെയുള്ള കണക്ക് പ്രകാരം 164 പേർ മരിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ മാത്രം 82,442 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. നിലവിൽ 3,14,391 പേർ 2094 ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. 
 
അതേസമയം, ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ 25 ബോട്ടുകള്‍ ഉടനെത്തും. ഇതോടെ ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ജോധ്പൂരിലെ സൈനിക ആസ്ഥാനത്തു നിന്നാണ് ബോട്ടുകള്‍ എത്തിക്കുക. തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്ത് എത്തിക്കുന്ന ബോട്ടുകള്‍ ട്രക്കുകളില്‍ ആവശ്യ സ്ഥലങ്ങളിലെത്തിക്കുമെന്നാണ് വിവരം.
 
ചെങ്ങന്നൂരിലേക്ക് 15 ബോട്ടുകളും തിരുവല്ലയിലേക്ക് 10 ബോട്ടുകളുമാണ് കൊണ്ടുവരുന്നത്. അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ഈ ബോട്ടുകള്‍ക്ക് പോകാനാകും എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ബോട്ടുകള്‍ക്ക് എത്താനായിരുന്നില്ല. ചാലക്കുടിയിലേക്കും ഇന്ന് ബോട്ടുകള്‍ എത്തിക്കും. ഇവിടേക്ക് എത്തുന്ന ബോട്ടുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് എത്തിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍