Kalabhavan Mani Death Anniversary: കലാഭവന്‍ മണിയുടെ മരണകാരണം എന്താണ്?

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (09:34 IST)
Kalabhavan Mani: മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഏഴ് വര്‍ഷം. 2016 മാര്‍ച്ച് ആറിനാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി മലയാള സിനിമാലോകത്തെ വിട്ടുപോയത്. മണിയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിച്ചിരുന്നു. അതിനു പിന്നാലെ വിശദമായ അന്വേഷണം നടന്നു. സിബിഐയാണ് കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തിയത്. ഒടുവില്‍ 2019 ല്‍ സിബിഐ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. 
 
ഗുരുതരമായ കരള്‍ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കലാഭവന്‍ മണി മരിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റ് ദുരൂഹതകളെല്ലാം സിബിഐ തള്ളി. കരളിന്റെ ആരോഗ്യനില വഷളായിരുന്നു. അമിത അളവില്‍ മദ്യപിച്ചത് മരണത്തിലേക്ക് നയിക്കുകയായിരുന്നെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയതലത്തില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ബോര്‍ഡിന്റെ പഠനം വിശകലനം ചെയ്താണ് സിബിഐ 35 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. 
 
കരളിനെ ബാധിച്ച ചൈല്‍ഡ് സി സിറോസിസാണ് മണിയുടെ മരണകാരണം. മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യവും മണിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് മദ്യത്തില്‍ നിന്ന് ആകാമെന്നായിരുന്നു വിലയിരുത്തല്‍. ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം നാല് ഗ്രാം മാത്രമായിരുന്നു. ഇത് അപകടകരമായ അളവില്‍ അല്ല. കരള്‍ ദുര്‍ബലമായതിനാല്‍ മീഥൈല്‍ ആല്‍ക്കഹോള്‍ പുറംതള്ളാന്‍ ശരീരത്തിനു സാധിച്ചിരുന്നില്ല. 
 
ഭക്ഷണത്തിലൂടെ അടിഞ്ഞു കൂടിയ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയും ശരീരത്തില്‍ കണ്ടെത്തിയിരുന്നു. പച്ചക്കറി വേവിക്കാതെ കഴിച്ചതിനാല്‍ ശരീരത്തില്‍ കടന്നതാണ് ഇതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആയുര്‍വേദ ലേഹ്യം ഉപയോഗിച്ചിരുന്നതിനാല്‍ ഇതില്‍ നിന്നാണ് കഞ്ചാവിന്റെ അംശം ശരീരത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article