'ഗംഭീര കഥ, വിക്രം മാസ്'; റിലീസ് ചെയ്യാത്ത 'ധീര വീര ശൂരൻ' അതിഗംഭീരമെന്ന് കമന്റുകൾ; എമ്പുരാൻ വിരോധിയാണല്ലേ എന്ന് മറുചോദ്യം

നിഹാരിക കെ.എസ്
വ്യാഴം, 27 മാര്‍ച്ച് 2025 (15:04 IST)
മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന് ക്ലാഷ് വെച്ച വിക്രം ചിത്രം ‘വീര ധീര ശൂരന്റെ’ റിലീസ് മുടങ്ങി. ചിത്രത്തിന് ഡല്‍ഹി ഹൈക്കോടതി  ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തിയതാണ് കാരണം. നിയമപ്രശ്നത്തെ തുടര്‍ന്ന് ചിത്രത്തിന്റെ മോണിങ് ഷോകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലും യുഎസിലും അടക്കം ആദ്യ ഷോ ഒഴിവാക്കി. 
 
ഇതോടെ, തമിഴ്‌നാട്ടിൽ എമ്പുരാൻ കത്തിക്കയറി. വിക്രം ചിത്രം കാണാനെത്തിയവരൊക്കെ നിരാശരായി. സിനിമ ഓടുന്നില്ലെന്ന് അറിഞ്ഞ് ചിലർ തിരികെ പോയി, മറ്റു ചിലർ എമ്പുരാന് ടിക്കറ്റെടുത്തു. ഇതിനിടെ മറ്റ് ചിലർ എമ്പുരാനെതിരെ നെഗറ്റീവ് റിവ്യൂ ആരംഭിച്ചു. എമ്പുരാൻ കൊള്ളില്ലെന്നും ഒപ്പമിറങ്ങിയ വിക്രം ചിത്രം അടിപൊളിയാണെന്നും ഗംഭീര കഥയാണെന്നുമൊക്കെ വിമർശകർ പ്രചരിപ്പിച്ച് തുടങ്ങി. സിനിമ റിലീസ് ആയില്ലെന്ന കാര്യം ഇവരും അറിയുന്നില്ല.
 
അതേസമയം, ചിത്രത്തിന്റെ ഒ.ടി.ടി അവകാശത്തെ ചൊല്ലിയാണ് നിയമപ്രശ്നം. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്. നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ റിയ ഷിബു നിലവില്‍ ഡല്‍ഹിയിലാണ്. വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ഏഴ് കോടി രൂപ ബി4യു കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുക മുഴുവന്‍ നല്‍കി കഴിഞ്ഞാല്‍ ഉച്ച കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാനായേക്കും.   

അനുബന്ധ വാര്‍ത്തകള്‍

Next Article