Empuraan Review: ലൂസിഫറിനോളം ഉയര്‍ന്നില്ല; എങ്കിലും കാണാം 'എമ്പുരാന്‍'

രേണുക വേണു

വ്യാഴം, 27 മാര്‍ച്ച് 2025 (12:07 IST)
Empuraan Review: ലൂസിഫറില്‍ മോഹന്‍ലാല്‍ ഉള്ളത് ഏകദേശം 50 മിനിറ്റ് മാത്രമാണ്. പക്ഷേ രണ്ടേമുക്കാല്‍ മണിക്കൂറുള്ള ആ പടത്തെ മൊത്തം ഷോല്‍ഡര്‍ ചെയ്യുന്നത് സ്റ്റീഫന്‍ നെടുമ്പള്ളിയാണ്. സ്‌ക്രീനില്‍ ഇല്ലാത്ത സമയത്ത് പോലും സ്റ്റീഫനാണ് ഷോ സ്റ്റീലര്‍. എമ്പുരാനിലേക്ക് എത്തുമ്പോള്‍ ഖുറേഷി അബ്രാമിനു സാധിക്കാതെ പോകുന്നത് അതാണ്. സംവിധായകന്‍ പൃഥ്വിരാജ് ടെക്‌നിക്കല്‍ സൈഡില്‍ പുലര്‍ത്തിയ കണിശത മുരളി ഗോപിയുടെ തിരക്കഥയില്‍ കാണാന്‍ സാധിക്കില്ല. 
 
സയിദ് മസൂദിന്റെ ഭൂതകാലം അനാവരണം ചെയ്താണ് സിനിമ ആരംഭിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറച്ചില്‍. പൃഥ്വിരാജ് സൂചിപ്പിച്ചതു പോലെ സിനിമയുടെ ആദ്യ 20 മിനിറ്റ് പൂര്‍ണമായും ഹിന്ദിയിലാണ്. ഒരു പാന്‍ ഇന്ത്യന്‍ കള്‍ച്ചര്‍ സിനിമയ്ക്കു നല്‍കാന്‍ ഈ രംഗങ്ങള്‍ക്കു സാധിക്കുന്നുണ്ട്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലോകമാണ് കാണിച്ചതെങ്കില്‍ എമ്പുരാനില്‍ അത് പൂര്‍ണമായും ഖുറേഷി അബ്രാമിന്റെ ലോകമാണ്. ഖുറേഷി അബ്രാം നേതൃത്വം നല്‍കുന്ന നെക്‌സസിലേക്ക് കഥ എത്തുമ്പോള്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ 'തനിനാടന്‍' ടീമിനോളം ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സിനിമയുടെ പ്രധാന പോരായ്മ. 
 
ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത് പോലെ ജതിന്‍ രാംദാസിനെ (ടൊവിനോ തോമസ്) തെറ്റ് ചെയ്ത ദൈവപുത്രനായാണ് എമ്പുരാനില്‍ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ കേരളത്തെ വീണ്ടെടുക്കാന്‍ സ്റ്റീഫന്‍ അവതരിച്ചേ തീരൂ. മോഹന്‍ലാല്‍ ആരാധകര്‍ അടക്കമുള്ള പ്രേക്ഷകരും 'സ്റ്റീഫന്‍ ഷോ' പ്രതീക്ഷിച്ചാണ് പിന്നീട് കാത്തിരിക്കുന്നത്. സ്റ്റീഫനെ പോലെ തന്നെ ഖുറേഷിയുടെ ഔറയും പ്രേക്ഷകരില്‍ ഇംപാക്ട് ഉണ്ടാക്കണമെന്ന നിര്‍ബന്ധത്തില്‍ തന്നെയാണ് തിരക്കഥയില്‍ പ്ലോട്ടുകള്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നതും സംഭാഷണങ്ങള്‍ നല്‍കിയിരിക്കുന്നതും. എന്നാല്‍ അത് പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. സിനിമയുടെ തുടക്കം ഒരു പാന്‍ ഇന്ത്യന്‍ പടം എന്ന് തോന്നിപ്പിക്കുന്ന പോലെയായിരുന്നു. എന്നാല്‍ സിനിമ മുന്നോട്ടു പോകും തോറും അത് വളരെ പ്രവചനീയമായ ക്ലീഷേ പ്രതികാര കഥയായി. 
 
ലൂസിഫറില്‍ തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകരെ ഹൂക്ക് ചെയ്യാന്‍ വളരെ തന്ത്രപൂര്‍വ്വം രൂപപ്പെടുത്തുന്ന ഒരു അണ്ടര്‍പ്ലേയുണ്ട്. രണ്ടാം ഭാഗത്തിലേക്ക് സിനിമയെ കൊണ്ടുപോകുന്നത് അണ്ടര്‍പ്ലേയിലെ ആ ബ്രില്ല്യന്റ് സമീപനമാണ്. എന്നാല്‍ എമ്പുരാനില്‍ പൂര്‍ണമായും അത് നഷ്ടപ്പെട്ടിരിക്കുന്നു. ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ സംവിധായകനെ 'സലാര്‍ ഭൂതം' പിടികൂടിയോയെന്ന് പോലും സംശയം തോന്നുന്ന വിധമാണ് ആക്ഷന്‍ രംഗങ്ങള്‍. 
 
അതേസമയം സാങ്കേതികമായി എമ്പുരാന്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. ഒരു മലയാളം സിനിമ തന്നെയാണോ എന്ന് സംശയം തോന്നുന്ന വിധമാണ് ഫ്രെയിമുകള്‍. ടെക്‌നിക്കലി സിനിമ വളരെ ബ്രില്ല്യന്റ് ആയിരിക്കണമെന്ന് സംവിധായകന്‍ പൃഥ്വിരാജിനും ഛായാഗ്രഹകന്‍ സുജിത്ത് വാസുദേവിനും നിര്‍ബന്ധമുണ്ടായിരുന്നു. സാങ്കേതികമായി വളരെ മികവ് പുലര്‍ത്തുന്ന എന്നാല്‍ തിരക്കഥ കൊണ്ട് ശരാശരിയില്‍ ഒതുങ്ങിയ ചിത്രമാണ് എമ്പുരാന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍