സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ അവതരിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെയാണ് സിനിമയുടെ റിലീസ്. ഇതിനോടകം തന്നെ ടിക്കറ്റുകൾ എല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം എമ്പുരാൻ സിനിമയുടെ ചർച്ചകൾ തകൃതിയിൽ നടക്കുകയാണ്. സിനിമയിൽ ഹോളിവുഡിൽ നിന്നുൾപ്പെടെ വൻ താരനിരയാണ് ഭാഗമാകുന്നത്.
വൻ സർപ്രൈസ് ആക്കി അണിയറ പ്രവർത്തകർ വെച്ചിരിക്കുന്ന ആ ഡ്രാഗൺ വില്ലൻ ആരാണെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. പല ആളുകളുടെ പേരുകൾ ചർച്ചയായെങ്കിലും അണിയറ പ്രവർത്തകർ ഇതാരെന്ന് പറഞ്ഞിട്ടില്ല. കൂടാതെ, ചിത്രത്തിലെ കാമിയോ റോളുകളിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല സൂപ്പർ താരങ്ങളുടെയും പേര് ചർച്ചകളിൽ നിറയുന്നുണ്ട്. സിനിമ പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മമ്മൂട്ടിയും ഉണ്ടോ എന്ന ചർച്ചകൾ സജീവമായിരുന്നു.
'എമ്പുരാന്റെ കാര്യമെടുക്കുമ്പോൾ, മമ്മൂട്ടിയും മോഹൻലാലുമൊക്കെ അഭിനയിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയൊരു വാർത്തയാണ്. അത് പൃഥിരാജ് സംവിധാനം ചെയ്യുന്നു. പൃഥ്വിരാജിന് നന്നായിട്ട് അത്യാവശ്യം പടം ചെയ്യാനൊക്കെ അറിയാം, അല്ലെങ്കിൽ കഴിവുണ്ടെന്ന് രണ്ട് പടം കഴിഞ്ഞതോടെ ഏറെക്കുറേ കുറച്ചു പേർക്കെങ്കിലും അറിയാം. മമ്മൂട്ടി പിന്നെ എപ്പോഴും പൃഥ്വിയെ കുറിച്ച് നല്ലത് മാത്രമാണ് പറയുക. മോനെ പറ്റിയും, മോന്റെ കഴിവുകളെ പറ്റിയുമൊക്കെ.
ഒരു പടം മമ്മൂട്ടിയുടെ വരുന്നുണ്ട്, വരുന്നുണ്ട് എന്ന് അവന്‍ കൂടെക്കൂടെ പറയുന്നുണ്ട്. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള ഒരു സബ്ജക്ട് കൂടി വരട്ടെ അമ്മേ ശരിയായിട്ട് എന്നൊക്കെ പറയുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട രണ്ട് വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ രണ്ട് പേരെയും വെച്ച് എന്റെ മകന്‍ ഒരു പടം സംവിധാനം ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവുമൊക്കെയാണ്', മല്ലിക പറഞ്ഞു.