നഗ്ന രംഗം പുറത്ത് വന്നതോടെ അമല പോൾ വേണ്ടെന്ന് നിർമാതാക്കൾ; പൊട്ടിത്തെറിച്ച് താരം

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (14:31 IST)
വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തിൽ നിന്നും അമല പോളിനെ മാറ്റിയെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി താരം. ആവശ്യമായ വിശദീകരണമില്ലാതെയാണ് അണിയറ പ്രവർത്തകർ തന്നെ ചിത്രത്തിൽ നിന്നും പുറത്താക്കിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. 
 
താന്‍ ‘പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലി’ അല്ലെന്ന ഒരു ചെറിയ അറിയിപ്പ് മാത്രം നല്‍കിയാണ് തന്നെ ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് അമല പറയുന്നു. ചിത്രത്തിന് വേണ്ടി കോസ്റ്റിയൂമുകള്‍ വാങ്ങാനും സ്‌റ്റൈലിങ്ങിനുമായി സ്വന്തം ചെലവില്‍ ബോംബെയില്‍ താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ നിര്‍മാതാവായ രത്‌നവേലു കുമാര്‍ തന്നെ പുറത്താക്കിയ വിവരം അറിയിച്ചത്. ആദ്യം ഒരു ഷോക്കായിരുന്നു, കാരണം ചോദിച്ചപ്പോൾ ഞാൻ ഫ്രണ്ട്‌ലി അല്ലെന്നായിരുന്നു അവർ പറഞ്ഞത്. 
  
ഒരേ സമയം ഒരു ചിത്രത്തിൽ മാത്രമാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്. ഒരു ചിത്രത്തിൽ കരാർ ഒപ്പിട്ട് കഴിഞ്ഞാൽ അത് കഴിയുന്നത് വരെ മറ്റൊരു പടം കമ്മിറ്റ് ചെയ്യാറില്ല. ചിത്രത്തിൽ നിന്നും എന്നെ പുറത്താക്കുന്നതുമായി യാതോരു ചർച്ചയും നടന്നില്ല. മെസേജ് അയച്ചാണ് നിർമാതാവ് ഇക്കാര്യം അറിയിച്ചത്. 
 
സംവിധായകന്റെ താൽപ്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു അഭിനേതാവാണ് ഞാൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത് അങ്ങനെ തന്നെ തുടരുന്നു. ഒരു കഥാപാത്രത്തിനായി ഞാൻ പരിശ്രമങ്ങൾ ചെയ്തു തുടങ്ങിയ ശേഷമാണ് ‘പോ’ എന്ന അറിയിപ്പ് വരുന്നത്. എന്റെ വിശദീകരണത്തിന് ശേഷം ഉണ്ടാകുന്ന എന്ത് പ്രശ്നങ്ങളേയും നേരിടാൻ ഞാൻ ഒരുക്കമാണ്. - അമല കുറിച്ചു. 
 
ചന്ദ്ര ആര്‍ട്സ് നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വെങ്കട കൃഷ്ണ റൂഗതാണ്. വിഎസ്പി 33 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിയ്ക്കുന്നത്. തന്റെ പുതിയ ചിത്രമായ ‘ആടൈ’യുടെ ടീസര്‍ റിലീസിന് ശേഷമാണ് പുറത്താക്കല്‍ തീരുമാനം ഉണ്ടായതെന്ന് മാത്രമാണ് അറിയാവുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
 
അമല പോള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ആടൈ’യുടെ ടീസര്‍ കഴിഞ്ഞ ആഴ്ചയായിരുന്നു പുറത്തു വന്നത്. ഇതിൽ അമല നഗ്നായി അഭിനയിക്കുന്നുണ്ട്. ഈ രംഗങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ ചിത്രത്തിന്റെ അണിയറക്കാർ അമലെ ഒഴിവാക്കിയതെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

Next Article