ബിലാൽ അഥവാ വീര്യം കൂടിയ വീഞ്ഞ്, ഷൂട്ടിംഗ് ഉടൻ തുടങ്ങുന്നു? - സൂചന നൽകി സൌബിനും ഉണ്ണി ആറും !

വ്യാഴം, 27 ജൂണ്‍ 2019 (11:34 IST)
ബിലാല്‍ മലയാളത്തിന്‍റെ വികാരമാണ്. കേരളം പഴയ കേരളമല്ലെങ്കിലും ബിലാലിന് മാറ്റമൊന്നും വന്നിട്ടില്ല. ആ സ്റ്റൈലും ചങ്കുറപ്പും അങ്ങനെ തന്നെ. അമല്‍ നീരദ് ഇനി ബിലാലിന്‍റെ ജോലികളിലേക്ക് കടക്കുകയാണ്. ഉണ്ണി ആർ ബിലാലിനായുള്ള എഴുത്തിലാണ്. 
 
ചിത്രത്തെ കുറിച്ച് കുറച്ചു നാളുകളായി വിവരങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ സൗബിൻ അമൽ നീരദിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തതോടെയാണ് ആരാധകർ വീണ്ടും ആവേശത്തിൽ ആയിരിക്കുന്നത്. ബിഗ് ബി എന്ന ക്യാപ്ഷനോട് കൂടി അമൽ നീരദിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു സൗബിൻ.
 
ഉണ്ണി ആറിന്റെ സ്റ്റാറ്റസും ഇതു തന്നെയായിരുന്നു. ഇതോടെ ബിലാൽ പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങി എന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. എന്തായാലും മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ബിലാലിന് വേണ്ടി.
 
നീളൻ മാസ്സ് ഡയലോഗുകളിൽ കയ്യടിച്ചവരെ കൊണ്ട് ഒറ്റ വരി കൊണ്ട് കയ്യടിപ്പിച്ചു സ്ലോ മോഷൻ കൊണ്ടും ഛായാഗ്രഹണം കൊണ്ടും അത്ഭുതപ്പെടുത്തിയ സിനിമയായിരുന്നു ബിഗ് ബി. തീയറ്ററുകളിൽ വലിയ പ്രകമ്പനം കൊള്ളിക്കാതിരുന്ന സിനിമ പിന്നീട് വീര്യം കൂടിയ വീഞ്ഞായി മനസ്സിലേക്കു ചേക്കേറുകയായിരുന്നു.  
 
ബിഗ്ബിയേക്കാള്‍ ഉജ്ജ്വലമായ ഒരു കഥയാണ് ബിലാലിനായി അമല്‍ നീരദ് കണ്ടെത്തിയിരിക്കുന്നത്. ഒന്നാന്തരം പഞ്ച് ഡയലോഗുകളും മാസ് മുഹൂര്‍ത്തങ്ങളുമായി ഒരു ത്രില്ലര്‍ തിരക്കഥയൊരുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണി ആര്‍. ബിഗ്ബി 2ന്‍റെ ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയായിരിക്കും. 
 
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും. ഒരു മാസ് ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അത്രമേൽ ഉണ്ട് ബിലാലിനു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍