അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി. ഓഫീസിനുള്ളിലെ പാര്‍ട്ടി ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ എഐ സാറ്റ്‌സിന്റെ ഗുരുഗ്രാമിലെ ഓഫീസിലാണ് പാര്‍ട്ടി നടന്നത്.
ജൂണ്‍ 20നാണ് സംഭവം. ലുങ്കി ഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ എയര്‍ ഇന്ത്യ കമ്പനി ജീവനക്കാരെ പുറത്താക്കുകയായിരുന്നു. ജീവനക്കാരുടെ പെരുമാറ്റം കമ്പനിയുടെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പം ആണെന്നും ആഘോഷ പരിപാടി അംഗീകരിക്കില്ലെന്നും എയര്‍ ഇന്ത്യ പറഞ്ഞു.