ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി എന്നീ സിനിമകൾ മാത്രം മതി കനക എന്ന നദിയെ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ. അമ്മ ദേവികയുടെ മരണവും തുടർന്ന് നടിയുടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും ആരാധകർക്ക് സുപരിചിതപമാണ്. ഇപ്പോഴിതാ കനകയെക്കുറിച്ചുള്ള ചില കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.
വിയറ്റ്‌നാം കോളനി എന്ന സിനിമയുടെ ഷൂട്ടിംഗിന് ആലപ്പുഴയിൽ വന്നപ്പോഴാണ് ഞാൻ കനകയെ ആദ്യമായി കണ്ടത്. ഒരു ഗൾഫ് ഷോയ്ക്ക് ക്ഷണിക്കാനായി കനകയുടെ മദ്രാസിലുള്ള വീട്ടിൽ പോയിട്ടുണ്ട്. പിതാവിന്റെ ഉപദ്രവത്തിൽ നിന്നും ഒഴിവായിക്കിട്ടാനായി, വിയറ്റ്‌നാം കോളനിയുടെ ഷൂട്ടിംഗിന്റെ സമയത്ത് ആലപ്പുഴയിലെ ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി വലിയൊരു പൂജ നടത്തിയ വിവരം അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ എന്നോട് പറഞ്ഞു. ആ പിതാവിനെ അമ്മയും മകളും അത്രത്തോളം ഭയപ്പെടുകയുണ്ടായി- ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
കനകയുടെ മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞതാണ്. അതിനുശേഷം അമ്മയായിരുന്നു കനകയുടെ എല്ലാമെല്ലാം. പിതാവ് തട്ടിക്കൊണ്ടുപോകുമെന്ന് കരുതി പലപ്പോഴും സ്‌കൂളിൽ പോലും പോകാൻ സാധിക്കാത്ത സാഹചര്യം കനകയ്ക്കുണ്ടായിരുന്നു. അമ്മയുടെ മരണത്തോടെയാണ് കനക സിനിമ വിട്ടത്.