മമ്മൂട്ടിയും മോഹന്‍ലാലും വേണമെന്നില്ല മലയാളിക്ക് ഓണം ആഘോഷിക്കാന്‍; തിയറ്ററുകളില്‍ ടൊവിനോയ്ക്കും ആസിഫിനും നിലയ്ക്കാത്ത കരഘോഷം

രേണുക വേണു
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (08:42 IST)
മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാത്ത ഓണക്കാലം മലയാളികള്‍ക്ക് എത്രത്തോളം മികച്ചതാകുമെന്ന സംശയം കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ അജയന്റെ രണ്ടാം മോഷണവും കിഷ്‌കിന്ധാ കാണ്ഡവും. രണ്ട് സിനിമകള്‍ക്കും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇത്തവണത്തെ ഓണം വിന്നറാകാന്‍ ഈ രണ്ട് സിനിമകള്‍ക്കും സാധിക്കുമെന്നാണ് ആദ്യ ദിവസത്തെ പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത 'അജയന്റെ രണ്ടാം മോഷണം' അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. വന്‍ മുതല്‍മുടക്കില്‍ തിയറ്ററുകളിലെത്തിയ ചിത്രം ബിഗ് ബജറ്റ് മൂവിയെന്ന വിശേഷണത്തോടു നൂറ് ശതമാനം നീതി പുലര്‍ത്തി. ഒരേസമയം സിനിമാറ്റിക് എക്‌സ്പീരിയന്‍സ് കൊണ്ടും ദൃശ്യമികവുകൊണ്ടും അജയന്റെ രണ്ടാം മോഷണം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ഓണത്തിനു മലയാളി പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ വേണമെന്നില്ല, പകരം നല്ലൊരു സിനിമ ഉണ്ടായാല്‍ മതിയെന്നാണ് അജയന്റെ രണ്ടാം മോഷണത്തിനു ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏകദേശം ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റുപോയത്. 
 
കുഞ്ഞികേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, രോഹിണി, ഹരീഷ് ഉത്തമന്‍, ജഗദീഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ദിബ നൈനാന്‍ തോമസ് ആണ് സംഗീതം. ക്യാമറ ജോമോണ്‍ ടി ജോണ്‍. ശബ്ദം കൊണ്ട് മോഹന്‍ലാലും സിനിമയുടെ ഭാഗമാകുന്നുണ്ട്. 
 
'നിരാശപ്പെടേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം' എന്നു മനസ്സില്‍ കരുതി 'കിഷ്‌കിന്ധാ കാണ്ഡം' കാണാന്‍ കയറിയ പ്രേക്ഷകരും ത്രില്ലടിച്ചും ഞെട്ടിയുമാണ് തിയറ്ററുകളില്‍ നിന്ന് ഇറങ്ങിയത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡം ഒരേസമയം മൈന്‍ഡ് ത്രില്ലറും ഇമോഷണല്‍ ത്രില്ലറുമാണ്. ആസിഫ് അലിയും വിജയരാഘവനും മത്സരിച്ചഭിനയിച്ചത് കാണാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്താലും പൈസ വസൂല്‍ ആകും. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ വണ്‍ലൈന്‍ വളരെ സങ്കീര്‍ണമാണ്. പെട്ടന്നു കേള്‍ക്കുമ്പോള്‍ ഇത് എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് പരിചയസമ്പത്തുള്ള സംവിധായകര്‍ക്കു പോലും തോന്നിയേക്കാം. അത്തരത്തിലൊരു ആശങ്കയും സംവിധായകന്‍ ദിന്‍ജിത്തിന് ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. തിരക്കഥാകൃത്ത് ബാഹുല്‍ രമേഷ് മനസില്‍ കണ്ടതിനെ ഒരിടത്ത് പോലും അലസതയോടെ സമീപിച്ചിട്ടില്ല സംവിധായകന്‍. സസ്പെന്‍സ് നിലനിര്‍ത്തുന്നതിനൊപ്പം വൈകാരികമായി കൂടി പ്രേക്ഷകരെ കൊളുത്തിവലിക്കാന്‍ ദിന്‍ജിത്തിന് തന്റെ അവതരണരീതി കൊണ്ട് സാധിച്ചു. റിലീസിനു മുന്‍പ് ബോക്‌സ്ഓഫീസില്‍ തണുപ്പന്‍ പ്രതികരണങ്ങള്‍ ആയിരുന്നെങ്കില്‍ ആദ്യ ഷോയ്ക്കു ശേഷം കിഷ്‌കിന്ധാ കാണ്ഡവും പ്രേക്ഷകരുടെ ഫസ്റ്റ് പ്രയോരിറ്റി ആയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article