Vimala Raman: മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടിയാണ് വിമല രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവര്‍ക്കൊപ്പമെല്ലാം വിമല അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ വിമല രാമന്‍ ചെയ്ത മിക്ക സിനിമകളും ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു. ഭാഗ്യമില്ലാത്ത നടിയെന്നാണ് വിമല രാമനെ മലയാളി സിനിമ ആരാധകര്‍ പരിഹസിച്ചിരുന്നത്.
സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് വിമല രാമന്‍ മലയാളത്തില്‍ അരങ്ങേറിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം 2007 ല്‍ റിലീസ് ചെയ്തു. ബോക്‌സ്ഓഫീസില്‍ ചിത്രം വന്‍ പരാജയമായി. വൈഗ മേനോന്‍ എന്നാണ് വിമലയുടെ കഥാപാത്രത്തിന്റെ പേര്.
മമ്മൂട്ടിയുടെ നായികയായി നസ്രാണി, മോഹന്‍ലാലിന്റെ നായികയായി കോളേജ് കുമാരന്‍, ജയറാമിന്റെ നായികയായി സൂര്യന്‍, ദിലീപിന്റെ നായികയായി റോമിയോ എന്നീ സിനിമകളിലെല്ലാം വിമല അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളൊന്നും ബോക്‌സ്ഓഫീസില്‍ വേണ്ടത്ര ക്ലിക്കായില്ല. പ്രണയകാലം എന്ന ചിത്രത്തിലെ വിമലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ ഈ ചിത്രവും ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു. 2016 ല്‍ റിലീസ് ചെയ്ത പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ഒപ്പം മാത്രമാണ് മലയാളത്തില്‍ വിമലയുടെ വലിയ രീതിയില്‍ വാണിജ്യ വിജയം നേടിയ സിനിമ.
1982 ജനുവരി 23 നാണ് വിമലയുടെ ജനനം. താരത്തിനു ഇപ്പോള്‍ 41 വയസ് കഴിഞ്ഞു. ഭരതനാട്യം നര്‍ത്തകിയായ വിമല സിഡ്‌നിയില്‍ നിന്നാണ് ബി.എസ്.സി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിഷയത്തില്‍ ബിരുദം നേടിയത്. 2004 ല്‍ മിസ് ഇന്ത്യ ഓസ്‌ട്രേലിയ പട്ടവും 2005 ല്‍ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് - ബ്യൂട്ടിഫുള്‍ ഫേസ് പട്ടവും വിമലയെ തേടിയെത്തി.