ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍; നടന്‍ ശ്രീനാഥിന്റെ ജീവിതത്തില്‍ സംഭവിച്ചത്

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2023 (10:19 IST)
ഒരുകാലത്ത് സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടന്‍ ശ്രീനാഥ്. സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ രംഗത്തും ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 1956 ഓഗസ്റ്റ് 26 ന് തൃശൂരിലാണ് ശ്രീനാഥിന്റെ ജനനം. 1978 ല്‍ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇത് ഞങ്ങളുടെ കഥ, ഒരു സിബിഐ ഡയറിക്കുറിപ്പ്, കിരീടം, ദേവാസുരം, സന്ധ്യ മയങ്ങും നേരം, ജാഗ്രത, മതിലുകള്‍, സര്‍വ്വകലാശാല, ചെങ്കോല്‍, ഇരുപതാം നൂറ്റാണ്ട്, വാഴുന്നോര്‍, കേരള കഫേ തുടങ്ങി ഒട്ടേറെ മികച്ച സിനിമകളില്‍ ശ്രീനാഥ് അഭിനയിച്ചു. 
 
മലയാള സിനിമാലോകം ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ശ്രീനാഥിന്റേത്. നടി ശാന്തികൃഷ്ണയെയാണ് ശ്രീനാഥ് ആദ്യം വിവാഹം കഴിച്ചത്. ഒന്നിച്ചഭിനയിച്ച സിനിമകളിലൂടെ ഇരുവരുടേയും സൗഹൃദം ദൃഢമാകുകയായിരുന്നു. പിന്നീട് ഇത് പ്രണയമാകുകയും ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1984 ലാണ് ഇരുവരും വിവാഹിതരായത്. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 1995 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. പിന്നീട് ശ്രീനാഥ് തെന്മല സ്വദേശിനിയായ ലതയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 
 
ശ്രീനാഥിന്റെ മരണവാര്‍ത്ത സിനിമാലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 2010 ഏപ്രിലിലാണ് നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തത്. ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുബപ്രശ്‌നങ്ങള്‍, സിനിമാ രംഗത്തുനിന്നുള്ള പ്രശ്‌നങ്ങള്‍ എന്നിവ ആത്മഹത്യയ്ക്ക് കാരണങ്ങളായി പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അവ്യക്തമാണ്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article