സ്റ്റൈല്‍ മന്നന് അഭിനയം നിര്‍ത്താത്തതിന് കാരണം ബിഗ്ബിയുടെ ആരാധന. അതെ, ലോകം ആരാധിക്കുന്ന ബിഗ്ബി അമിതാഭ്ജിയുടെ ആരാധനപാത്രം സാക്ഷാല്‍ സ്റ്റൈല്മന്നന് രജനീകാന്ത്. അഭിനയിച്ച് താന്‍ ഏറെ മടുത്തെന്ന് രജനി തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ടെന്ന് ബച്ചന് പറഞ്ഞു. എന്നാല്‍ അഭിനയം അദ്ദേഹം ഒരിക്കലും നിര്‍ത്തരുതെന്നാണ് തനിക്ക് പറയാനുളളത്. എത്ര മടുത്താലും ഇപ്പോള്‍ ചെയ്യുന്ന ജോലി തുടരണമെന്നാണ് തന്റെ അഭിപ്രായം. താന്‍ രജനിയുടെ ഒരു കടുത്ത ആരാധകനാണെന്നും ബച്ചന് വ്യക്തമാക്കി. കൊച്ചടിയാന്റെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് അമിതാഭ് ബച്ചന് തന്റെ ആരാധന വ്യക്തമാക്കിയത്.
രജനിയുടെ മാഹാത്മ്യം എത്ര പുകഴ്ത്തിയാലും അത് അധികമാകില്ല. ഒപ്പം കൊച്ചടിയാന് പോലൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒരുക്കിയ സംവിധായകന് സൗന്ദര്യയും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. രജനിയുടെ ചിത്രം റീലിസ് ചെയ്താല്‍ ആഴ്ചകളോളം ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്. ഒടുവില്‍ ടിക്കറ്റ് കിട്ടി സിനിമ കാണാനെത്തിയാല്‍ ഒന്നും കേള്‍ക്കാനും കഴിയില്ല. കാരണം ആരാധകരുടെ സന്തോഷ പ്രകടനങ്ങള്‍ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയായിരിക്കും. കൊച്ചടിയാനെ സംബന്ധിച്ച് വര്‍ഷങ്ങളോളം ടിക്കറ്റ് കിട്ടാത്ത സ്ഥിതിയായിരിക്കുമെന്നും ബച്ചന് പറഞ്ഞു.
ഇന്ത്യന്‍ സിനിമയുടെ ചരിത്രം എഴുതപ്പെടുന്നത് കൊച്ചടിയാന് മുന്‍പും ശേഷവും എന്നായിരിക്കുമെന്ന് പറഞ്ഞാണ് ബിഗ് ബി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. ചടങ്ങില്‍ മരുമകള്‍ ഐശ്വര്യ റായ് ഭാര്യ ജയ ബച്ചന് എന്നിവരോടൊപ്പമാണ് അമിതാഭ് ബച്ചന് ചടങ്ങിനെത്തിയത്.